പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി, ഒന്‍പത് പ്രതികളില്‍ നിന്ന് കനിവിനെ മാത്രം ഒഴിവാക്കും

സിപിഎം എം.എല്‍.എ യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസില്‍ രണ്ട് സാക്ഷികള്‍ കൂറുമാറി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് തകഴി സ്വദേശികള്‍ മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്‍പില്‍ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോര്‍ട്ട് എക്‌സൈസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു.

തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികള്‍. എക്‌സൈസ് സംഘം കഞ്ചാവ് പിടിച്ചെടുക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ എന്ന നിലക്കാണ് ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. പ്രതികള്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടുവെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു.

ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവര്‍ പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ സാക്ഷികളായ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ മൊഴിയായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്.

യു പ്രതിഭയുടെ മകനുള്‍പ്പെട്ട കഞ്ചാവ് കേസില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എസ് അശോക് കുമാറിന്റെ റിപ്പോര്‍ട്ട്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ യു പ്രതിഭയുടെ മകന്‍ കനിവിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തല്‍. കേസിലെ ഒന്‍പത് പ്രതികളില്‍ കനിവിനെ മാത്രമാണ് ഒഴിവാക്കുക.

എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ യു പ്രതിഭ നല്‍കിയ പരാതിയിലാണ് അസി. എക്‌സൈസ് കമ്മിഷണര്‍ സംസ്ഥാന എക്‌സൈസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കുട്ടനാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജനെതിരെ നടപടിക്ക് സാധ്യതയുണ്ട്. ഡിസംബര്‍ 28നാണ് യു പ്രതിഭയുടെ മകന്‍ കനിവ് അടക്കം 9 പേരെ തകഴിയില്‍ നിന്ന് കഞ്ചാവ് കേസില്‍ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്.

webdesk13:
whatsapp
line