യൂ.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസ്; പരാതിയില്‍ അന്വേഷണം ആരംഭിച്ചു

യൂ.പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം ആരംഭിച്ച് എക്‌സൈസ് വകുപ്പ്. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അശോക് കുമാറിനാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ നവംബറിലാണ് കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് യൂ.പ്രതിഭ എംഎല്‍എയുടെ മകനുള്‍പ്പെടെ 9 പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തത്. അതേസമയം മകനെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് യൂ.പ്രതിഭ എംഎല്‍എ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ എംഎല്‍എ പരാതി നല്‍കിയിരുന്നു. പരാതിയില്‍ കേസിന്റെ ഭാഗമായ മുഴുവന്‍ ഉദ്യോഗസ്ഥരുടെയും 9 പ്രതികളുടെയും യു പ്രതിഭ എംഎല്‍എയുടെയും മൊഴി രേഖപ്പെടുത്തും.

എഫ്‌ഐആര്‍ ഇട്ട കുട്ടനാട് എക്‌സൈസ് സി ഐ ജയരാജ്, റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ എന്നിവരോട് തിരുവനന്തപുരത്തെ എക്‌സൈസ് ആസ്ഥാനത്ത് ഈ മാസം അവസാനം ഹാജരാകണമെന്ന് എക്‌സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തെ എംഎല്‍എയുടെ മകനെതിരെ എക്‌സൈസ് കേസെടുത്തതിന് പിന്നാലെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. ആലപ്പുഴയില്‍ ചുമതലയേറ്റ് മൂന്നാം മാസമാണ് കൊല്ലം ജില്ലക്കാരനായ കമ്മീഷണറെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കും നടപടി ഉണ്ടാകുമെന്നാണ് സൂചന.

webdesk17:
whatsapp
line