കാറില്‍ കഞ്ചാവ് ബീഡി പിടിച്ച സംഭവത്തില്‍ കേസ് ഒഴിവാക്കാന്‍ കൈക്കൂലി ചോദിച്ച ഹൈവേ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ് ഐ സി.ബി ടി ജോസഫ്, സിപിഒ സുധീഷ് മോഹന്‍, ഡ്രൈവര്‍ പിസി സോബിന്‍ ടി സോജന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ വകുപ്പുതലാന്വേഷണവും പ്രഖ്യാപിച്ചു.
കഴിഞ്ഞ ബുധനാഴ്ച അടിമാലി സ്റ്റേഷന്‍ പരിധിയിലെ വാളാറിയിലാണ് സംഭവം. പറവൂര്‍ സ്വദേശികളായ 6 യുവാക്കള്‍ മൂന്നാറില്‍ നിന്നും കാറില്‍ വരികയായിരുന്നു. വാഹന പരിശോധന സമയത്ത് ഇവരില്‍ നിന്നും കഞ്ചാവ് ബീഡി കണ്ടെത്തി. തുടര്‍ന്ന് 40,000 രൂപ അടയ്ക്കാനും അല്ലെങ്കില്‍ ജയിലില്‍ അടക്കുമെന്നും ഭീഷണിപ്പെടുത്തി. പണമില്ലെന്ന് പറഞ്ഞ യുവാക്കളോട് തങ്ങളുടെ കയ്യിലുള്ള മൊബൈല്‍ ഫോണുകള്‍ വില്‍ക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നീട് 36,000 നല്‍കിയാല്‍ മതിയെന്നും പൊലീസ് പറഞ്ഞു.
സംഘത്തിലെ മൂന്നുപേരെ പൊലീസ് വാഹനത്തിന് സമീപം നിര്‍ത്തി മൂന്നുപേര്‍ ഫോണ്‍ വില്‍ക്കാനായി അടിമാലിയിലേക്ക് പോയി. എന്നാല്‍ സംഘത്തെ വീണ്ടും ട്രാഫിക് പൊലീസ് തടയുകയായിരുന്നു. വിവരമറിഞ്ഞ ട്രാഫിക് പോലീസ് പണം കൊടുക്കരുതെന്ന് പറഞ്ഞു തിരിച്ചയച്ചു.
കൈക്കൂലി സംഭവം പാളിയെന്ന് മനസ്സിലായ ഹൈവെ പൊലീസ് കഞ്ചാവ് ബീഡിയുടെ കാര്യം രേഖപ്പെടുത്താതെ സീറ്റ് ബെല്‍റ്റ് ഇട്ടില്ല, കൂളിംഗ് ഫിലിം ഉപയോഗിച്ചു തുടങ്ങിയ കാര്യങ്ങളൊക്കെ പറഞ്ഞ് പിഴ ചുമത്തി യുവാക്കളെ പറഞ്ഞയച്ചു. എന്നാല്‍ സംഭവം അറിഞ്ഞ ജില്ലാ പൊലീസ് മേധാവി നടപടിക്ക് നിര്‍ദ്ദേശിക്കുകയായിരുന്നു.