X

ഇസ്രാഈലിനെതിരെ ശബ്ദിച്ച കുവൈത്ത് സ്പീക്കര്‍ മര്‍സൂഖിന് ഭരണകൂടത്തിന്റെ ആദരം

കുവൈത്ത് സിറ്റി: സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്‍ യോഗത്തില്‍ ഇസ്രാഈലിനെതിരെ ആഞ്ഞടിച്ച കുവൈത്ത് പാര്‍ലമെന്ററി സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിന് കുവൈത്ത് സര്‍ക്കാറിന്റെ ആദരം. കുവൈത്ത് നാഷണല്‍ അസംബ്ലിയില്‍ മന്ത്രിമാരുടെയും എം.പിമാരുടെയും സാന്നിധ്യത്തില്‍ പ്രൗഢ ഗംഭീര സ്വീകരണം നല്‍കിയാണ് അദ്ദേഹത്തെ സര്‍ക്കാര്‍ ആദരിച്ചത്. അല്‍ ഗാനിമിന്റെ നീക്കത്തെ അസംബ്ലി പ്രശംസിച്ചു.

ഇസ്രാഈല്‍ തടവിലാക്കിയ ഫലസ്തീനികളെക്കുറിച്ച് ഐ.പി.യു കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ചര്‍ച്ചക്കിടെയാണ് ഇസ്രാഈല്‍ ഡെപ്യൂട്ടി സ്പീക്കര്‍ നാച്മാന്‍ ഷാക്കു നേരെ മര്‍സൂഖ് ആഞ്ഞടിച്ചത്. ഇസ്രാഈല്‍ നടപടിക്കെതിരെ ലോക പാര്‍ലമെന്റിന്റെ പൊതവികാരം അറിഞ്ഞ ശേഷം നിങ്ങള്‍ ബാഗുകളും മറ്റുമെടുത്ത് ഇപ്പോള്‍ തന്നെ ഈ ചേംബര്‍ വിട്ട് പുറത്തു പോകണമെന്നായിരുന്നു നാച്മാന്‍ ഷായോട് ഗാനിം ആവശ്യപ്പെട്ടത്. ഭീകരവാദത്തിന്റെ അതിരൂക്ഷമായ തലത്തിലാണ് ഇസ്രാഈല്‍ എന്നും ഗാനിം ആഞ്ഞടിച്ചു. നിറ കയ്യടികളോടെയാണ് ഗാനിമിന്റെ വാക്കുകളെ പാര്‍ലമെന്ററി യൂണിയന്‍ എതിരേറ്റത്. ഗാനിമിന്റെ വാക്കുകളില്‍ ഞെട്ടിയ നാച്മന്‍ ഷായും ലിക്കുഡ് പാര്‍ട്ടി പ്രതിനിധി ഷാറന്‍ ഹാസ്‌കലും ബാഗെടുത്ത് പുറത്തു പോവുകയും ചെയ്തു. ഗാനിമിനെ പ്രശംസിച്ച് ഫലസ്തീന്‍ നാഷണല്‍ കൗണ്‍സില്‍ പ്രതിനിധി അസ്സം അല്‍ അഹമ്മദ് രംഗത്തെത്തിയിരുന്നു. ഫലസ്തീനികള്‍ക്കേറ്റ മുറിവുകള്‍ക്കുമേല്‍ ഗാനിമിന്റെ വാക്കുകള്‍ സമര്‍പ്പിക്കുന്നുവെന്നായിരുന്നു അഹമ്മദ് പ്രതികരണം.

Also Read:

 ‘കുട്ടികളുടെ കൊന്നവരേ; ഇറങ്ങിപ്പോകൂ…’ അന്താരാഷ്ട്ര വേദിയില്‍ ഇസ്രാഈല്‍ പ്രതിനിധിക്കു നേരെ വിരല്‍ചൂണ്ടി കുവൈത്ത് സ്പീക്കര്‍

 

chandrika: