ദോഹ: പതിമൂന്ന് കാരനായ ഖത്തരി ബാലന്‍ ഗാനിം അല്‍മുഫ്തയെ അറിയാത്തവര്‍ ജി.സി.സി രാജ്യങ്ങളില്‍ ചുരുക്കമാണ്. തളര്‍ച്ചയിലും അവിശ്വസനീയമായ ധൈര്യവും ആത്മവിശ്വാസവുമായി ലോകത്തിന്റെ കൈയ്യടി നേടിയ ഈ ബാലന് കഴിഞ്ഞ ദിവസം ഖത്തറില്‍ വ്യത്യസ്തമായൊരു ആദരവ് ലഭിച്ചു.
ജി.സി.സിയിലെ അറിയപ്പെട്ട ബൈക്ക് റൈസര്‍മാരും മല്‍സരയോട്ടക്കാരുമാണ് ചടങ്ങില്‍ മുഖ്യമായി പങ്കെടുത്തത്. കോര്‍ണീഷിലെ വിശാലമായ റോഡില്‍ മുന്നില്‍ നിന്ന് ഗാനിം നിയിക്കുകായണ്, തന്റെ മുച്ചക്ര വാഹനത്തില്‍. പിറകില്‍ വരുന്നതോ, ജി.സി.സിയിലെയും ഖത്തറിലെയും അറിയപ്പെട്ട ബൈക് റൈസര്‍മാരും. ഭിന്ന ശേഷിക്കാരനായ ഈ ബാലന്റെ പ്രകടനം കാണാന്‍ കോര്‍ണീഷ് റോഡിന്റെ ഓരങ്ങളില്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. ഗാനിമിനെ ആദരിക്കാനായി ചീഫ് എം.സി.സി, അല്‍അദാം എം.സി.സി എന്നിവരുമായി ചേര്‍ന്ന് ബതാബി ഖത്തറാണ് പരിപാടി സംഘടിപ്പിച്ചത്.
നട്ടെല്ലിന്റെ താഴെ വളര്‍ച്ചയ്ക്ക് ക്ഷതമേറ്റ അവസ്ഥയിലാണ് ഗാനിം ജനിച്ചു വീണത്. പക്ഷെ തളര്‍ച്ചയില്‍ ജീവിതം കൈവിടാതെ കായിക പ്രതിഭയാകാനുള്ള തയ്യാറെടപ്പിലാണ് ഈ ബാലന്‍. ഭാവിയില്‍ ഒരു പാരാലിമ്പ്യന്‍ ആകുക എന്നതാണ് ഗാനിമന്റെ ലക്ഷ്യം. തന്റെ പേരിന്റെ അര്‍ഥം പേലെ വിജയിക്കാനുള്ള ഗാനിമിന്റെ സമര്‍പ്പണം ഏവരാലും വാഴ്ത്തപ്പെടുകയാണ്. ഗാനിം നേതൃത്വം നല്‍കിയ ബൈക്ക് റാലി ദോഹ മാരിയട്ട് ഹോട്ടലിലാണ് സമാപിച്ചത്.
ജീവിതത്തില്‍ നിശ്ചയ ദാര്‍ഢ്യം പ്രകടിപ്പിച്ച ഒരു കുട്ടിയെ ആദരിക്കാന്‍ ഇത്തരം ഒരു ബൈക്ക് റാലിക്ക് മേഖലയിലെ പ്രധാന റൈഡര്‍മാരെല്ലാം ഒത്തുകൂടിയതില്‍ വലിയ സന്തോഷമുണ്ടെന്ന് പ്രാദേശിക ബൈക്ക് റൈഡര്‍ അഹമ്മദ് പറഞ്ഞു. ചില പ്രത്യേക അവസരങ്ങളില്‍ ബൈക്ക് റാലികള്‍ സാധാരണമാണ്. എന്നാല്‍ എല്ലാ വിഭാഗത്തിലുംപെട്ട ബൈക്ക് റൈഡര്‍മാര്‍ ഗാനിമിനെ ആദരിക്കാന്‍ ഇവിടെ ഒത്തുകൂടിയിട്ടുണ്ടെന്നും ഇത്തരമൊരു സംഭവം ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍സ്റ്റാഗ്രാമില്‍ പത്ത് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഖത്തറിലെ ഹീറോയാണ് ഗാനിം. അത് കൊണ്ട്തന്നെ ഈ അത്ഭുദ ബാലനെ ആദരിക്കാന്‍ മാരിയറ്റ് ഹോട്ടലില്‍ നൂറുകണക്കിന് ആളുകളും കുടുംബങ്ങളുമാണ് എത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, സര്‍ക്കാരേതര സംഘടനകളുടെ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. റാലിക്ക് ശേഷം നടന്ന ചടങ്ങില്‍ സംസാരിച്ചവരെല്ലാം ഗാനിമിന്റെ നിശ്ചയദാര്‍ഢ്യത്തെ പ്രശംസിച്ചു. ഗാനിമിന്റെ കഥ ജീവിതത്തില്‍ പകച്ചു നില്‍ക്കുന്നവര്‍ക്കെല്ലാം വലിയ പ്രചോദനമാണെന്ന് ദോഹയിലെ മുതിര്‍ന്ന ബൈക്ക് റൈഡര്‍ എലിയാസ് ഡി ബിസ് പെനിന്‍സുലയോട് പറഞ്ഞു. ദോഹ 2015 ഐ.പി.സി അത്‌ലറ്റിക് വേള്‍ഡ് ചാമ്പ്യന്‍ ഷിപ്പിന് മുമ്പ് സംഘാടകര്‍ പുറത്തിറക്കിയ ‘എന്റെ അവശ്വസനീയമായ കഥ’ എന്ന ദൃശ്യാവിഷ്‌കാരത്തില്‍ ഗാനിം ചീത്രീകരിക്കപ്പെട്ടിരുന്നു.
തന്റെതായ സന്നദ്ധ പ്രവര്‍ത്തനങ്ങളും സ്‌പോര്‍ട്‌സ് ക്ലബ്ബും നോക്കിനടത്തുന്ന ഈ ബാലന്‍ ഐസ്‌ക്രീം ഷോപ്പും നടത്തിവരുന്നു. ഇന്‍സ്റ്റാഗ്രാമിലെ ജനകീയതയ്ക്ക്് കഴിഞ്ഞ വര്‍ഷം ഗാനിമിന് അറബ് സോഷ്യന്‍ മീഡിയ സമ്മിറ്റ് അവാര്‍ഡ് ലഭിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഗാനിം തന്റെ കഥകള്‍ ലോകവുമായി പങ്കുവെക്കുന്നത്.