ഗംഗാ നദിയുടെ മേല്‍പ്പരപ്പില്‍ ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്‍. നദിയുടെ ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളില്‍പോലും വലിയതോതില്‍ പ്ലാസ്റ്റിക് കണികകള്‍ ഉള്ളതായി സ്ഥിരീകരിച്ചു.
ടൂറിസം, സാഹസിക ക്യാമ്പുകള്‍, തീര്‍ത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് ഇതിന് കാരണമെന്ന് ഡെറാഡൂണിലെ ഡൂണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസര്‍ സുരേന്ദ്ര സുതാര്‍ പറഞ്ഞു.
ജലത്തിന്റെയും അവശിഷ്ടത്തിന്റെയും 228 സാമ്പിളുകളില്‍ ഓരോന്നിലും ബാഗുകള്‍, റാപ്പറുകള്‍, പാക്കിങ്ങിനുപയോഗിക്കുന്ന വസ്തുക്കള്‍, സിന്തറ്റിക് തുണിത്തരങ്ങള്‍ എന്നിവയില്‍ നിന്നുള്ള മൈക്രോപ്ലാസ്റ്റിക് നാരുകള്‍, ഫിലിമുകള്‍, ശകലങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകര്‍ രേഖപ്പെടുത്തി.
ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗില്‍ ലിറ്ററിന് 325 കണികകളും ഋഷികേശില്‍ 822 കണികകളും ഹരിദ്വാറില്‍ ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങള്‍ക്കിടയിലുള്ള 19 സ്ഥലങ്ങളില്‍ നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളില്‍ കൂടുതലാണ്. ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളില്‍ മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്. എന്നാല്‍, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തില്‍ 1,200 കവിഞ്ഞു.
വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ തരങ്ങളില്‍ പോളിത്തിലീന്‍, പോളിമൈഡ്, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ്, പോളിത്തിലീന്‍ ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിന്‍, പോളികാര്‍ബണേറ്റ് എന്നിവ ലാബ് വിശകലനത്തില്‍ കണ്ടെത്തി.
ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നതായി കണ്ടെത്തിയിരുന്നു.