ഉത്തർപ്രദേശിൽ കൂട്ടബലാത്സംഗം ഭീഷണിപ്പെടുത്തൽ, വഞ്ചനാക്കുറ്റം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ബി.ജെ.പി എം.എൽ.എക്കെതിരെ കേസ് . ഉത്തർപ്രദേശിലെ ബദൗണിലെ പ്രത്യേക കോടതിയുടെ നിർദേശപ്രകാരമാണ് ബിൽസിയിലെ ബി.ജെ.പി എം.എൽ.എ ഹരീഷ് ചന്ദ്ര ശാക്യക്കെതിരെ കേസ് എടുത്തത്.
എം.എൽ.എയുടെ രണ്ട് സഹോദരന്മാർ, 13 കൂട്ടാളികൾ എന്നിവർക്കെതിരെയും കൂട്ടബലാത്സംഗം, വഞ്ചന, ബലപ്രയോഗം തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തിട്ടുണ്ട്. പത്ത് ദിവസം മുമ്പ് പുറപ്പെടുവിച്ച കോടതിയുടെ നിർദ്ദേശപ്രകാരം പൊലീസ് ശനിയാഴ്ച എഫ്.ഐ.ആർ ഫയൽ ചെയ്യുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
2022 മുതൽ തങ്ങളുടെ ബദൗണിലെ സ്ഥലം വിൽക്കാൻ ശാക്യയും കൂട്ടാളികളും തൻ്റെ കുടുംബത്തെ സമ്മർദത്തിലാക്കുന്നുവെന്ന്
കാണിച്ച് ഉജാനി കോട്‌വാലി പ്രദേശത്തെ താമസക്കാരൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് കോടതിയുടെ നിർദേശം.
17 കോടിയോളം വരുന്ന സ്ഥലം 80 ലക്ഷം രൂപയ്ക്ക് വിൽക്കാൻ എം.എൽ.എ അവരെ നിർബന്ധിച്ചു. സമ്മർദത്തിന് വഴങ്ങി 16.50 കോടി രൂപയ്ക്ക് അവർ സ്ഥലം വിൽക്കേണ്ടി വന്നെന്ന് പരാതിക്കാരനെ ഉദ്ധരിച്ച് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
‘കരാർ പ്രകാരം, തുകയുടെ 40% മുൻകൂറായി നൽകണം, ബാക്കി തുക വിൽപ്പന രേഖ പൂർത്തിയാക്കിയാൽ നൽകണം,’ പരാതിക്കാരൻ പറഞ്ഞു. എന്നാൽ യാതൊരു രേഖകളുമില്ലാതെ കുടുംബത്തിന് ഉടൻ തന്നെ ഒരു ലക്ഷം രൂപ എം.എൽ.എ നൽകി. തുടർന്ന് എം.എൽ.എ.യുടെ കൂട്ടാളികൾ ഭൂമി കൈമാറാൻ കുടുംബത്തിന്മേൽ സമ്മർദ്ദം ചെലുത്തി.
എന്നാൽ, മുഴുവൻ തുകയും നൽകാത്ത പക്ഷം വിൽപ്പനയുമായി മുന്നോട്ടുപോകാൻ അവർ വിസമ്മതിച്ചു. ഇതിന് പകരമായി രണ്ട് വ്യാജ ക്രിമിനൽ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയതെന്നും പൊലീസ് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. സെപ്‌റ്റംബർ 17ന് പ്രശ്‌നം ഒത്തുതീർപ്പാക്കാൻ എം.എൽ.എയെ കാണാൻ പോയപ്പോൾ ഭാര്യ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.