ഗാസിയാബാദ്: ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ നിര്‍ഭയ മാതൃകയില്‍ കൂട്ട ബലാത്സംഗം. ഡല്‍ഹി സ്വദേശിയായ 36കാരിയെ സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട് അഞ്ചംഗം സംഘം തട്ടിക്കൊണ്ടു പോയി രണ്ട് ദിവസം കൂട്ട ബലാത്സംഗം ചെയ്ത ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കി. അക്രമികളില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുരു തേജ് ബഹാദൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഗാസിയാബാദ് പൊലീസിന് ഡല്‍ഹി വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. യുവതിക്കെതിരായ ആക്രമണം നിര്‍ഭയ കേസിനെ ഓര്‍മിപ്പിക്കുന്നതാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ പറഞ്ഞു. ഡല്‍ഹി സ്വദേശിയായ യുവതിയെ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ ചാക്കില്‍ പൊതിഞ്ഞ് സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കുത്തിയിറക്കിയ നിലയിലാണ് കണ്ടെത്തിയതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. രണ്ട് ദിവസം ക്രൂരമായി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തതായും അവര്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് ഗാസിയാബാദ് പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം 18ന് നന്ദ്ഗ്രാം പൊലീസ് സ്റ്റേഷനില്‍ പുലര്‍ച്ചെ 3.30 ഓടെ ഒരു സ്ത്രീയെ ആശ്രം റോഡില്‍ കിടക്കുന്നതായി കണ്ടെത്തിയതായി ഫോണ്‍ സന്ദേശം ലഭിച്ചു.
പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് യുവതി നിര്‍ബന്ധം പിടിച്ചതോടെയാണ് ജി.ടി.ബി ആശുപത്രിയിലേക്ക് മാറ്റിയത്. യുവതി പൊലീസിന് കൊടുത്ത മൊഴി പ്രകാരം സംഭവത്തിന് തലേ ദിവസം സഹോദരന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനായി യുവതി ഗുരുഗ്രാമിലെത്തിയിരുന്നു.
പിന്നീട് സഹോദരന്‍ ഇവരെ വീട്ടിലെത്തിക്കുകയും അവിടെ വെച്ച് ഇവര്‍ക്ക് അറിയാവുന്ന ചിലര്‍ ഇവരെ കൊണ്ടു പോവുകയായിരുന്നു. തുടക്കത്തില്‍ രണ്ട് പേര്‍ ബലാത്സംഗം ചെയ്തുവെന്ന് പറഞ്ഞ യുവതി പിന്നീട് അഞ്ചു പേരുണ്ടായിരുന്നതായി പൊലീസിനെ അറിയിച്ചു. നാലു പേരെ അറസ്റ്റു ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റാരോപിതരും യുവതിയും തമ്മില്‍ വസ്തു തര്‍ക്കം നിലനിന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.