X

കൂട്ടബലാത്സംഗ കേസ്; ബിജെപി എംഎല്‍എക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ലഖ്‌നൗ: ഭൂമി തര്‍ക്കത്തില്‍ ഉടമസ്ഥന്റെ ഭാര്യയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ ഉള്‍പ്പെട്ട ബിജെപി എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഉത്തര്‍പ്രദേശിലെ ബില്‍സി മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ഹരീഷ് ഷാക്യയ്ക്കും സഹോദരനും മരുമകനുമടക്കം 15 പേര്‍ക്കെതിരെ കേസെടുക്കാനാണ് പ്രത്യേക എംപി-എംഎല്‍എ കോടതി നിര്‍ദേശിച്ചത്.

അതിജീവിതയുടെ ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജിയിലാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ലീലു ചൗധരി ഉത്തരവിറക്കിയത്. കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ലെന്നും പകര്‍പ്പ് ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നിയമനടപടി സ്വീകരിക്കുമെന്നും സീനിയര്‍ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് കുമാര്‍ സിങ് പറഞ്ഞു.

ഏകദേശം 18 കോടി രൂപ വിലമതിക്കുന്ന ഭൂമി ഹരജിക്കാരന്റെ കയ്യില്‍ നിന്നും 16.5 കോടി രൂപയ്ക്ക് വാങ്ങാന്‍ എംഎല്‍എ കരാറുറപ്പിച്ചിരുന്നു. ശേഷം ഒരു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കുകയും ചെയ്തു. 40 ശതമാനം തുക രേഖാമൂലമുള്ള കരാര്‍ സമയത്തും ബാക്കി പണം പട്ടയം രജിസ്റ്റര്‍ ചെയ്യുന്ന സമയത്തും നല്‍കാമെന്ന് എംഎല്‍എ പറഞ്ഞിരുന്നതായി ഹരജിക്കാരന്‍ പറഞ്ഞു. ദിവസങ്ങള്‍ക്ക് ശേഷം തുക നല്‍കാതെ തന്നെ കരാറിനായി എംഎല്‍എയും കൂട്ടാളികളും ഹരജിക്കാരനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. തുടര്‍ന്ന് മറ്റൊരു വ്യക്തിക്ക് സ്ഥലം വില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എയുടെ ആളുകള്‍ അനുവദിച്ചില്ല.

മൂന്ന് ദിവസത്തോളം പൊലീസ് കസ്റ്റഡിയില്‍ മര്‍ദിച്ചതായി ഹരജിക്കാരന്‍ പറഞ്ഞു.ശേഷം എംഎല്‍എയുടെ ആളുകള്‍ തന്നെ പൊലീസില്‍ നിന്ന് മോചിപ്പിക്കുകയും മറ്റൊരു സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി ഉപദ്രവിക്കുകയും ചെയ്തു. എംഎല്‍എയും കൂട്ടാളികളും ചേര്‍ന്ന് തന്റെ ഭാര്യയെ കൂട്ടബലാത്സംഗം ചെയ്തതായും അദ്ദേഹം ആരോപിച്ചു.

എന്നാല്‍ കോടതി ഉത്തരവിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്നായിരുന്നു ബിജെപി എംഎല്‍എ ഹരീഷ് ഷാക്യ പ്രതികരിച്ചത്. കേസെടുക്കാന്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ടെങ്കില്‍ പൊലീസുമായി സഹകരിക്കാന്‍ തയ്യാറാണ് ഹരീഷ് ഷാക്യ പറഞ്ഞു. ജുഡീഷ്യറിയില്‍ തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

webdesk18: