ഷിംല: യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ബിജെപിയുടെ ഹരിയാന സംസ്ഥാന അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബഡൗലിക്കെതിരെയും ഗായകന്‍ ജയ് ഭഗവാന്‍ എന്ന റോക്കി മിത്തലിനുമെതിരെയും ഹിമാചല്‍ പ്രദേശില്‍ കേസെടുത്തു. കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഹിമാചല്‍ പ്രദേശിലെ കസൗലി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഡല്‍ഹി സ്വദേശിനിയാണു പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്.
2023 ജൂലൈ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. കസൗലിയിലെ ഹിമാചല്‍ പ്രദേശ് ടൂറിസം ഡെവലപ്‌മെന്റ് കോര്‍പറേഷന്റെ(എച്ച്പിടിഡിസി) റോസ് കോമണ്‍ ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടി പീഡനത്തിനിരയാവുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഇരയായ പെണ്‍കുട്ടിയെ കൊല്ലുമെന്ന് ബിജെപി അധ്യക്ഷനും റോക്കി മിത്തലും ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും സംഭവത്തെകുറിച്ച് യാതൊന്നും അറിയില്ലെന്നും മോഹന്‍ ലാല്‍ ബഡൗലി പ്രതികരിച്ചു.
സുഹൃത്തുക്കള്‍ക്കൊപ്പം ഹിമാചലിലെ ഹോട്ടലില്‍ താമസിക്കുമ്പോഴാണ് മോഹന്‍ ലാല്‍ ബഡൗലി, റോക്കി മിത്തല്‍ എന്നിവരെ കണ്ടുമുട്ടിയതെന്നും തനിക്കും സുഹൃത്തിനും സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് ബഡൗലിയും സംഗീത ആല്‍ബത്തില്‍ അഭിനയിക്കാന്‍ അവസരം തരാമെന്ന് റോക്കി മിത്തലും വാഗ്ദാനം നല്‍കിയതായി പരാതിക്കാരി പറയുന്നു. തുടര്‍ന്ന് റൂമിലെത്തി തങ്ങളെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഇരകളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തിയെന്നും ആരോപണമുണ്ട്. നടന്നതെല്ലാം പുറത്തുപറഞ്ഞാല്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നും കൊലപ്പെടുത്തുമെന്നുമെല്ലാം ഭീഷണിയുണ്ടായിരുന്നതായി പരാതിക്കാരി പറയുന്നു. രണ്ടുമാസംമുന്‍പ്, ഹരിയാനയിലെ പഞ്ച്കുലയിലേക്ക് വിളിച്ചുവരുത്തി, തങ്ങള്‍ക്കെതിരെ കള്ളക്കേസ് കൊടുക്കുമെന്നു ഭീഷണിപ്പെടുത്തിയാതുയം യുവതി പറഞ്ഞു.