ഉമ്മന്‍ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയ കേസില്‍ വിചാരണ നേരിടുന്ന കെ.ബി. ഗണേഷ് കുമാറിനെ ഒരു കാരണവശാലും എല്‍.ഡി.എഫ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഗണേഷ് കുമാര്‍ നേരിടണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയ കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരാഴ്ചത്തെ കേരളീയം ധൂര്‍ത്തിന് 27 കോടി രൂപയാണ് സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. 7 മാസം കൊണ്ട് ലൈഫ് മിഷന്‍ പദ്ധതിക്ക് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത് 18 കോടി മാത്രമാണ്. പദ്ധതി വിഹിതത്തിന്റെ 2.5 ശതമാനം മാത്രമാണ് ഇത്.
717 കോടി രൂപ ലൈഫ് മിഷന് നീക്കി വച്ചിട്ട് ഏഴ് മാസം കൊണ്ട് 18 കോടി രൂപ മാത്രം കൊടുത്ത സര്‍ക്കാരാണ് ഏഴ് ദിവസത്തെ കേരളീയത്തിന് 27 കോടി രൂപ ഉത്തരവിലൂടെ നല്‍കുന്നത്. കേരളീയം അവസാനിക്കുമ്പോള്‍ അത് 70 കോടി രൂപ എങ്കിലും ആകും. ധൂര്‍ത്താണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖമുദ്രയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ശമ്പളം കൊടുത്തിട്ടില്ല. പെന്‍ഷന്‍കാര്‍ക്ക് രണ്ട് മാസമായി പെന്‍ഷന്‍ തുക കിട്ടിയിട്ടില്ല. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുന്നു. കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്ത് ജനങ്ങളുടെ ആരോഗ്യം മോശമാക്കുന്നു. ഒരു ചോദ്യത്തിനും സര്‍ക്കാരിന് മറുപടിയില്ല.
സപ്ലൈകോയില്‍ സാധനങ്ങളില്ല. അഴിമതിയുടെ പാപഭാരം സാധാരണക്കാരന് മേല്‍ കെട്ടിവയ്ക്കുന്നു. സ്‌കൂള്‍ ഉച്ച ഭക്ഷണത്തിന് പണം കൊടുക്കാന്‍ ഇല്ലാത്ത സര്‍ക്കാരാണ് ഈ ധൂര്‍ത്ത് നടത്തുന്നത്. സര്‍ക്കാരിന്റെ പ്രചരണം വേണമെങ്കില്‍ പാര്‍ട്ടി ചിലവില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.