X

നടി ആക്രമിക്കപ്പെട്ടപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്: ഗണേഷ്‌കുമാറിന്റെ കത്ത് പുറത്ത്

കൊല്ലം: സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേഷ് കുമാര്‍, പ്രസിഡന്റ് ഇന്നസെന്റിന് അയച്ച കത്ത് പുറത്ത്. നടി ആക്രമിക്കപ്പെട്ട സംഭവം ഉണ്ടായപ്പോള്‍ നെറികെട്ട സമീപനമാണ് ‘അമ്മ’ സ്വീകരിച്ചത്. ഇക്കാര്യം സിനിമാ ലോകത്ത് മാത്രമല്ല, പൊതുസമൂഹത്തിലും ചര്‍ച്ചയായതാണ്. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ഗൗരവപൂര്‍വം ആ വിഷയത്തില്‍ ഇടപെടുവാനോ ശക്തമായ ഒരു പ്രതിഷേധ സ്വരം ഉയര്‍ത്തുവാനോ ‘അമ്മ’ തയാറായില്ലെന്നും ഗണേഷ് കുമാര്‍ കത്തില്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന ‘അമ്മ’യുടെ യോഗത്തിന് മുന്‍പ് അയച്ച കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. യോഗശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് രൂക്ഷമായി പ്രതികരിച്ച ഗണേഷിന്റെ നടപടി വിമര്‍ശനത്തിന് വഴിവെച്ചിരുന്നു.
സംഘടനയെ പൂര്‍ണ്ണമായും പ്രതിരോധിച്ച് കൊണ്ടായിരുന്നു ഗണേഷ് നിലകൊണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഗണേഷ് കുമാറിന്റെ രൂക്ഷവിമര്‍ശനം. നടി ആക്രമിക്കപ്പെട്ടപ്പോള്‍ ‘അമ്മ’യുടെ നേതൃത്വം തിരശീലയ്ക്ക് പിന്നിലൊളിച്ചു. പിച്ചിച്ചീന്തപ്പെട്ടത് സഹപ്രവര്‍ത്തകയുടെ അത്മാഭിമാനമാണെന്ന് ഓര്‍ക്കണം. സംഘടന നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും ഗണേഷ് കത്തില്‍ പറയുന്നു. നടിക്ക് ക്രൂരമായ അനുഭവമുണ്ടായപ്പോള്‍ ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ കപടമാതൃത്വം പിരിച്ചുവിട്ട് എല്ലാവരും സ്വന്തം കാര്യം നോക്കണമെന്നും ഗണേഷ് കുമാര്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇന്നസെന്റിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് ഗണേഷ് കുമാര്‍ കത്തില്‍ ഉന്നയിക്കുന്നത്. താന്‍ ആവശ്യപ്പെട്ടിട്ടും ഈ വിഷയങ്ങളില്‍ ഇന്നസെന്റ് ഇടപെട്ടില്ല. എന്തായിരുന്നു ‘അമ്മ’യുടെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍. ഏത് മാനദണ്ഡപ്രകാരമാണ് ഈ സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടത് തുടങ്ങിയ കാര്യങ്ങളിലേക്ക് ഒന്നു തിരിഞ്ഞുനോക്കിയാല്‍ ഇന്നത്തെ സംഘടനയുടെ മുഖം പ്രസിഡന്റായിരിക്കുന്ന അങ്ങയെപ്പോലും ലജ്ജിപ്പിക്കും. ‘അമ്മ’യുടെ ഭൂതകാലം അറിയുന്ന മഹാഭൂരിപക്ഷം അംഗങ്ങളും അങ്ങനെ തന്നെ കരുതും എന്നാണ് വിശ്വസിക്കുന്നതെന്നും ഗണേഷ് കത്തില്‍ വ്യക്തമാക്കുന്നു.

chandrika: