കോഴിക്കോട്: ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച നിലപാടില്‍ മുഖ്യമന്ത്രിയെ തള്ളി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ രംഗത്ത്. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമാണെന്നും, അതില്‍ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി എന്നും ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ വാക്കുകള്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്ന് പറഞ്ഞായിരുന്നു ഗണേഷ് കുമാര്‍ പ്രതികരിച്ചത്
നേരത്തെ ശിവഗിരി സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം ധരിക്കുന്നത് സംബന്ധിച്ച സച്ചിദാനന്ദ സ്വാമിയുടെ നിലപാടിനെ പിണറായി വിജയന്‍ പിന്തുണച്ചത്. ആരാധനാലങ്ങളില്‍ മേല്‍വസ്ത്രം അഴിക്കണമെന്ന നിബന്ധനയുണ്ട്. ഇതില്‍ കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ ഇടപെടലാണ് ഇതെന്നും കാലാനുസൃതമായ മാറ്റം വേണമെന്ന് ശ്രീനാരായണ സമൂഹം ആവശ്യപ്പെടുന്നുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.