X
    Categories: main stories

ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ

പത്തനാപുരം ∙ നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫിസ് സെക്രട്ടറി പ്രദീപ് കോട്ടത്തല അറസ്റ്റിൽ. പുലർച്ചെ പത്തനാപുരത്തു നിന്നാണ് അറസ്റ്റിലായത്.
ഇയാളെ കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രദീപ്‌ കോട്ടത്തലയ്ക്ക് മുൻകൂർ ജാമ്യം നൽകരുതെന്നും കസ്റ്റഡിയിൽ വേണമെന്നും അന്വേഷണസംഘം കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട്‌ നൽകിയിരുന്നു. തുടർന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ കാസർകോട് ജില്ലാ സെഷൻസ് കോടതി തള്ളി.

സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് പിന്നിൽ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തു ഒരു യോഗവും നടന്നു. പ്രദീപ്‌ ഈ ഗൂഢാലോചന യോഗത്തിൽ പങ്കെടുത്തോ എന്ന് അറിയണ്ടതുണ്ടെന്നും പൊലീസ്‌ ആവശ്യപ്പെട്ടിരുന്നു.

ഫോൺ വിളിക്കാൻ ഉപയോഗിച്ച സിം കാർഡ് തിരുനെൽവേലി സ്വദേശിയുടെ പേരിൽ എടുത്തതാണെങ്കിലും ഒരുതവണ ഉപയോഗിച്ച ഫോണിന്റെ ടവർ ലൊക്കേഷൻ മാപ്പുസാക്ഷിയെ വിളിച്ചതിന് തൊട്ടടുത്ത ദിവസം പത്തനാപുരത്തു ആണെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ടുതവണ ജയിലിലെത്തി ദിലീപിനെ കണ്ടിട്ടുണ്ട്. മാത്രമല്ല, സോളര്‍ കേസിന്റെ കാലത്ത് സരിതയെ ജയിലില്‍ കണ്ട് സ്വാധീനിക്കാന്‍ പ്രദീപ് ശ്രമിച്ചതായും പൊലീസ് പറയുന്നു.

2020 ജനുവരി 24നാണ് പ്രദീപ് കുമാർ കാസർകോട് ബേക്കൽ എത്തുന്നത്. കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ മുറിയെടുത്തതിനുശേഷം കാസർകോട് നഗരത്തിലെ ജ്വല്ലറിയിലെത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കണ്ടു, ദിലീപിന് അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കാഞ്ഞങ്ങാട്ടെ ഹോട്ടലിൽ താമസിച്ച പ്രദീപ് നാലു ദിവസത്തിനുശേഷം വിപിൻ ലാലിനെ ഫോണിൽ വിളിച്ചു. എന്നിട്ടും വഴങ്ങുന്നില്ലെന്ന് കണ്ടതോടെ തിരിച്ചുപോയി. പിന്നീട് മാസങ്ങൾക്കുശേഷം സെപ്റ്റംബറിലാണു ഭീഷണിക്കത്തുകൾ ലഭിക്കുന്നത്. നടിയെ ആക്രമിച്ച കേസിൽ ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് പൾസർ സുനിക്കായി ജയിലിൽനിന്നു കത്തയച്ചത് വിപിൻ ലാൽ ആയിരുന്നു. അതുകൊണ്ടുതന്നെ കേസിന്റെ വിചാരണയിൽ വിപിന്റെ മൊഴികൾ അതിനിർണായകവും ആണ്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: