പാല്‍ പായസത്തിന്റെ വലിയ കാന്‍ തന്റെ ഇരുചക്ര വാഹനത്തിന്റെ മുമ്പില്‍ വെച്ച് നഗരമധ്യത്തിലൂടെ ഗണേശന്റെ ഒരു വരവുണ്ട്-ഓഫീസിലെത്തി എല്ലാവര്‍ക്കും മധുരം പകര്‍ന്ന് സ്വന്തം ഇരിപ്പിടത്തില്‍ ഉപവിഷ്ടനായതിന് ശേഷം പാന്റിന്റെ പോക്കറ്റില്‍ നിന്നും പിന്നെ നിലക്കടലയുടെ പാക്കറ്റെടുക്കും…. ഉച്ചക്ക് വീട്ടില്‍ ഊണിന് പോയി മടങ്ങുമ്പോള്‍ തളി ക്ഷേത്രത്തിന് തൊട്ടരികിലെ കടലപീടികയില്‍ നിന്നും വാങ്ങുന്ന നിലക്കടല കൂട്ടുകാര്‍ക്കുള്ളതാണ്. എല്ലാവര്‍ക്കുമത് നല്‍കി സ്‌നേഹത്തിന് പുതിയ മധുരസമവാക്യം രചിച്ച ഞങ്ങളുടെ പ്രിയങ്കരനായ സഹപ്രവര്‍ത്തകന്‍ കാലത്തിന്റെ വിളി കേട്ട് മടങ്ങിയിരിക്കുന്നു.
തളിയിലെ ബ്രാഹ്മണ സമൂഹത്തില്‍ നിന്നും ചന്ദ്രികയുടെ സ്‌നേഹതീരത്തേക്ക് ഗണേശ് വന്നിട്ട് വര്‍ഷം ഇരുപത്തഞ്ചാവുന്നു. ഊട്ടിയിലെ വിദ്യാഭ്യാസം കഴിഞ്ഞ് ജോലി തേടിയുള്ള ഗണേശിന്റെ യാത്രയില്‍ ചന്ദ്രിക തണലായപ്പോള്‍ അത് മതേതരത്വത്തിന്റെ മഹിതമായ അടയാളമായിരുന്നു. തളി ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങളില്‍ സദാ വ്യാപൃതനാവുന്ന ഗണേശ് ആ പ്രസാദവുമായി ചന്ദ്രികയുടെ മുറ്റത്തേക്ക് വരുമ്പോള്‍ അതായിരുന്നു വിശുദ്ധമായ മതേതരമുഖം. ഡസ്‌ക്കില്‍ നിന്നും എത്ര വാര്‍ത്തകള്‍ നല്‍കിയാലും അത് വേഗത്തില്‍ തെറ്റില്ലാതെ പൂര്‍ത്തിയാക്കി ജോലിയില്‍ ജാഗരൂകനാവും. ഒഴിവ് സമയങ്ങളില്‍ കാറ്ററിങ് ജോലിയില്‍ ഭാര്യയെ സഹായിക്കും.
പരാതികളും പരിഭവങ്ങളും ആര്‍ക്ക് മുന്നിലും നിരത്താതെ ചെറിയ ബൈക്കില്‍ നഗരത്തിന്റെ തിരക്കിലൂടെ തന്റെ കട്ടി കണ്ണടയുമായി ഓടിയ സഹപ്രവര്‍ത്തകന്‍-ഗണേശന്റെ പായസം കഴിക്കാത്തവരായി ഞങ്ങളുടെ ഓഫീസില്‍ ആരുമില്ല. പൊരിയും നുറുക്കും മലരും അപ്പവുമെല്ലാമായി ഡി.ടി.പി സെക്ഷന്‍ പലപ്പോഴും പലഹാര പീടികയുടെ രുചി നല്‍കുമ്പോള്‍ ആര്‍ക്കും തല കൊടുക്കാതെ സ്വന്തം കംപ്യൂട്ടറിന് മുന്നില്‍ ഗണേശന്‍ ജോലിയിലായിരിക്കും. ഇടക്ക് ആരോഗ്യം പണിമുടക്കിനൊരുങ്ങിയപ്പോള്‍ അല്‍പ്പദിവസം അവധി ചോദിച്ചു- അത് അനുവദിക്കുകയും ചെയ്തു. പക്ഷേ ഒരാഴ്ചക്കകം ഗണേശ് തിരിച്ചെത്തി. മരുന്നിനും വിശ്രമത്തിനും നില്‍ക്കാനൊന്നും താല്‍പ്പര്യമില്ലാതെ കംപ്യൂട്ടറിന് മുന്നില്‍ വാര്‍ത്തകളുടെ തിരക്കില്‍ എല്ലാം മറന്നു.
ചിലപ്പോള്‍ ഭാര്യ ലക്ഷ്മി വിളിക്കും-ഗണേശിന്റെ ആരോഗ്യ കാര്യങ്ങള്‍ പറയും. ജാഗരൂകരാവാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കും. പോക്കറ്റില്‍ കരുതുന്ന ഇന്‍ഹെയിലര്‍ വലിച്ച് ഗണേശ് പറയും-ഇപ്പോള്‍ പ്രശ്‌നമൊന്നുമില്ലെന്ന്. രണ്ട് ദിവസം മുമ്പ് ഗണേശ് രണ്ട് ദിവസം അവധി ചോദിച്ചു-നല്ല ക്ഷീണമുണ്ട്. ഡോക്ടറെ കാണണം. പതിവുളള ചെക്കപ്പാണെന്നാണ് പറഞ്ഞത്. പക്ഷേ ബുധനാഴ്ച വൈകീട്ട് ലക്ഷ്മി വിളിച്ചു-മിംസില്‍ ഐ.സി.യുവിലാണ്. കരളും കിഡ്‌നിയുമെല്ലാം പണിമുടക്കിയിരിക്കുന്നു-അല്‍പ്പം ഗുരുതരാവസ്ഥയാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. ഉടന്‍ ആസ്പത്രിയിലേക്ക് വരാമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ കാണാന്‍ കഴിയില്ലെന്നും രാവിലെ വന്നാല്‍ മതിയെന്നും പറഞ്ഞാണ് ലക്ഷ്മി ഫോണ്‍ വെച്ചത്. ഇന്നലെ അതിരാവിലെ സഹപ്രവര്‍ത്തകനായ പി.ടി ഗഫൂറിന്റെ ഫോണ്‍-ഗണേശ് പോയിരിക്കുന്നു…… ഉടന്‍ തന്നെ മിംസിലെ അത്യാസന്ന വിഭാഗത്തിലെത്തുമ്പോള്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ് ചിരിക്കാത്ത ഗണേശ്…. ഭാര്യ ലക്ഷ്മിയെയും മകള്‍ സ്‌നേഹയെയും ഞങ്ങളെയുമെല്ലാം ഉപേക്ഷിച്ച് വേദനയില്ലാത്ത ലോകത്തേക്ക് ഗണേശ് മറഞ്ഞിരിക്കുന്നു. മധുരത്തിന്റെ സ്‌നേഹ വായ്പുകള്‍ ഞങ്ങള്‍ക്ക് നല്‍കിയ സഹപ്രവര്‍ത്തകന്‍, ചന്ദ്രികയെ ഏത് പ്രതിസന്ധി ഘട്ടത്തിലും സ്‌നേഹിച്ച ശുദ്ധനായ ബ്രാഹ്മണന്‍-ഗണേഷ് മറയുമ്പോള്‍ ഞങ്ങള്‍ക്കിത് സര്‍വീസില്‍ ഒരു വര്‍ഷത്തിനകം നാലാമത്തെ നഷ്ടമാണ്. പ്രസ് സെക്ഷന്‍ സൂപ്പര്‍ വൈസറായ മുസ്തഫയും ലൈബ്രറിയിലെ അബൂബക്കര്‍, കൊച്ചി റിപ്പോര്‍ട്ടര്‍ ജയറാം തോപ്പില്‍, ഇപ്പോള്‍ ഗണേശും….. വീണ്ടും ഒരു ദീപാവലി വരുന്നു… മധുരത്തിന്റെ ദീപാവലി കാലത്ത് എന്നും വലിയ പൊതിയുമായി വരുന്ന ഗണേശ്….. ഈ ദീപാവലിയില്‍ ആ മധുരമില്ല