ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി താരപ്രചാരകരുടെ ലിസ്റ്റ് പുറത്തുവിട്ട് കോണ്‍ഗ്രസ് പാര്‍ട്ടി. 30 പേരുടെ താരപ്രചാരക പട്ടിക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ സമര്‍പ്പിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
എന്‍ഡിഎയിലെ ഭിന്നിപ്പില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രചാരണത്തില്‍ പിന്നോട്ടടിക്കവെയാണ് 30 പേരുടെ സ്റ്റാര്‍ ലിസ്റ്റുമായി മാഹാസഖ്യത്തിന് കോണ്‍ഗ്രസ് ശക്തി പകരുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഉത്തര്‍പ്രദേശ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാര്‍ദ്ര, പാര്‍ട്ടി നേതാവും ബോളിവുഡ് താരമായ ശത്രുഘണ്‍ സിന്‍ഹ തുടങ്ങിയവര്‍ അടങ്ങിയതാണ് 30 പേരുടെ ലിസ്റ്റ്.
കോണ്‍ഗ്രസ് ദേശീയ വ്യക്താവ് രണ്‍ദീപ് സുര്‍ജേവാല, ഗുലാം നബി ആസാദ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, അമരീന്ദര്‍ സിംഗ്, ഭൂപേഷ് ഭാഗല്‍ തുടങ്ങിയവരും ലിസ്റ്റിലുണ്ട്.
ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 10 ന് ഫലപ്രഖ്യാപനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. 243 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. നേരത്തെ എന്‍.സി.പിയും താരപ്രചാരകരുടെ പട്ടിക പുറത്തുവിട്ടിരുന്നു. ശരദ് പവാറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍.