റഷ്യയിലെ ബിയര്‍ ക്യാനില്‍ നിന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും നീക്കാന്‍ നടപടി സ്വീകരിക്കാത്തതിനെതിരെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയിലെ റഷ്യന്‍ എംബസിയിലേയ്ക്ക് 1001 പോസ്റ്റ് കാര്‍ഡുകളയച്ച് പ്രതിഷേധം. ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ ഡെനിസ് അലിപോവിനാണ് പോസ്റ്റ് കാര്‍ഡുകളയച്ചത്.
മദ്യത്തിനെതിരെ ജീവിതത്തിലുടനീളം നിലപാട് സ്വീകരിച്ച ഗാന്ധിജിയുടെ ചിത്രം ബിയര്‍ ക്യാനില്‍ അച്ചടിച്ചത് അനുചിതമാണെന്നും ഗാന്ധിജിയുടെ ചിത്രവും ഒപ്പും ഒഴിവാക്കണം തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്റ് കാര്‍ഡില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രപിതാവിനോടുള്ള അധിക്ഷേപത്തില്‍ മൗനം പാലിക്കുന്ന സൗഹൃദ രാഷ്ട്രമായ റഷ്യയുടെ നടപടി അത്ഭുതപ്പെടുത്തുന്നതായി നാഷ്ണല്‍ ഫൗണ്ടേഷന്‍ പറഞ്ഞു.
റഷ്യന്‍ ഭരണാധികാരികള്‍ നടപടി സ്വീകരിക്കുംവരെ ഗാന്ധിയന്‍ മാര്‍ഗ്ഗത്തില്‍ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ജനങ്ങള്‍ വ്യാപകമായ പ്രതിഷേധിച്ചിട്ടും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. സമാനമായ സംഭവത്തില്‍ ഇസ്രായേലും ചെക്ക് റിപ്പബ്‌ളിക്കും പരാതികള്‍ ഉയര്‍ന്നപ്പോള്‍ തന്നെ നടപടി സ്വീകരിച്ചിരുന്നതായി എബി ജെ ജോസ് ചൂണ്ടിക്കാട്ടി.