X

ഗാന്ധിജിയുടെ വടിയും ഭഗവതിന്റെ ബുള്‍ഡോസറും-കെ.പി ജലീല്‍

‘വടിയെടുത്താണ് ഇന്ത്യ അഹിംസ നടപ്പാക്കുന്നത്. സ്വാമി വിവേകാനന്ദന്റെയും അരബിന്ദോയുടെയും സ്വപ്‌നങ്ങള്‍ 10-15 വര്‍ഷത്തിനകം യാഥാര്‍ഥ്യമാകും. അഖണ്ഡഭാരതം യാഥാര്‍ഥ്യമാകാന്‍ ഇനിയധികം സമയമില്ല’- മോഹന്‍ഭഗവത്, ആര്‍.എസ്.എസ് തലവന്‍ (2022 ഏപ്രില്‍ 15). അഹിംസയുടെ മഹാത്മാവിനെയും ഇന്ത്യയുടെയും സഹിഷ്ണുതാപാരമ്പര്യത്തെയും അപഹസിക്കുന്ന വാക്കുകളാണ് രാജ്യഭരണത്തെ നിയന്ത്രിക്കുന്ന ഒരു വ്യക്തിയില്‍നിന്നുണ്ടായിരിക്കുന്നത്.

ഗാന്ധിജിയെ വെടിവെച്ചുകൊന്നശേഷം നിരോധിക്കപ്പെട്ട ആര്‍.എസ്.എസിന്റെ ‘സാംസ്‌കാരികമുഖ’മാണ് ഇവിടെ ഒരിക്കല്‍കൂടി അനാവൃതമായിരിക്കുന്നത്. എന്നാല്‍ ഭഗവത് പറയുന്ന ഇന്ത്യയല്ല ഇന്നത്തെ പൂര്‍ണമായ ഇന്ത്യയെന്ന് തെളിയിക്കുന്ന മൂന്ന് വാര്‍ത്തകള്‍ കഴിഞ്ഞദിവസം മതേതര മീഡിയകളില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി. പരസ്പര വെറുപ്പിന്റെയും ഇതര മതവിദ്വേഷത്തിന്റെയും കോലാഹല വര്‍ത്തമാനങ്ങള്‍ക്കിടയില്‍ കഴിഞ്ഞദിവസം പുറത്തുവന്ന വ്യത്യസ്ത വാര്‍ത്തകള്‍ ഇന്ത്യയിലെ മതേതര മുഖത്തിന് പുത്തന്‍ തേജസ് പകര്‍ന്നിരിക്കുകയാണ്. മുസ്‌ലിം വംശഹത്യ നടന്ന ഗുജറാത്തിലെ വാദ്ഗാംതാലൂക്കിലെ എട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച വീര്‍മഹാരാജ് ക്ഷേത്ര പരിസരത്ത് സമീപസ്ഥരായ മുസ്‌ലിംകള്‍ക്ക് മഗ്‌രിബ് നമസ്‌കാരത്തിനും റമസാന്‍ നോമ്പുതുറക്കലിനും സൗകര്യമൊരുക്കിയ ഹൈന്ദവ വിശ്വാസികളെക്കുറിച്ചുള്ള ശുഭ വാര്‍ത്തയാണതിലൊന്ന്. രണ്ടാമത്തേത് ഹിജാബ്-ഹലാല്‍ വിവാദവും മറ്റും കത്തിനില്‍ക്കുന്ന നമ്മുടെ തൊട്ടടുത്ത കര്‍ണാടകയില്‍നിന്നാണ്; എട്ടു നൂറ്റാണ്ട് പഴക്കമുള്ള ബേലൂര്‍ ചെന്നകേശവ ക്ഷേത്രത്തില്‍ ക്ഷേത്രോല്‍സവത്തിന് മുന്നോടിയായി പതിവുള്ള ഖുര്‍ആന്‍ പാരായണം നിര്‍വഹിക്കപ്പെട്ടു. രാജസ്ഥാനിലെ കരൗലിയില്‍ വര്‍ഗീയവാദികളാല്‍ ആക്രമിക്കപ്പെട്ട 15 മുസ്‌ലിം കുടുംബങ്ങള്‍ക്ക് സംരക്ഷണമൊരുക്കിയാണ് മറ്റൊരു ഹൈന്ദവ വനിത മാധുലിക, രാജ്യത്തിന് മാതൃകയായത്.

നിരവധി നൂറ്റാണ്ടുകളുടെ മഹത്തായപാരമ്പര്യവും സംസ്‌കാരവുമാണ് ഇന്ത്യാമഹാരാജ്യത്തിന് അവകാശപ്പെടാനുള്ളത്. ഋഷിവര്യന്മാരുടെയും വിവിധ മത പണ്ഡിതരുടെയും ജനനേതാക്കളുടെയും പ്രവര്‍ത്തന-ബോധനത്തിന്റെ ഫലംകൊണ്ട് സൃഷ്ടിക്കപ്പെട്ടതാണത്. മനുഷ്യര്‍ ജന്മനാ സ്വാര്‍ഥരും അക്രമോല്‍സുകരുമാണെങ്കിലും അവരുടെ ലോല വികാരങ്ങളെ പരോല്‍കര്‍ഷത്തിന്റെ വിത്തുകളാകാന്‍ സഹായിക്കുകയാണ് മതങ്ങളുടെയും ഗാന്ധിസം പോലുള്ളവയുടെയും പ്രഥമ കര്‍ത്തവ്യം. അതാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷവും ഭരണഘടനയിലൂടെ നാം തുല്യതയും മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളായി രേഖപ്പെടുത്തിവെക്കാനുള്ള കാരണവും. മേല്‍പറഞ്ഞവയെല്ലാം സ്വാഭാവികമായിരിക്കവെ എന്തുകൊണ്ട് ബേലൂരിനെയും വാദ്ഗാമിനെയും മാധുലികയെയും എടുത്തുപറയേണ്ടിവരുന്നു എന്നിടത്താണ് രാജ്യം ഇന്നെത്തിപ്പെട്ടിരിക്കുന്ന സാമൂഹികവും വൈവേകവുമായ അധോഗര്‍ത്തം ഓര്‍മിക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലായി ഉണ്ടായ സ്‌ഫോടനാത്മകമായ വര്‍ഗീയ സംഘര്‍ഷങ്ങളാണ് ഇതിനു കാരണം. ഭിന്നമതക്കാരില്‍ അവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി ഗൂഢമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സംശയിക്കപ്പെടുന്ന രീതിയിലാണ് മുമ്പെങ്ങുമില്ലാത്ത തരത്തില്‍ ഇത്തവണ രാമനവമിക്ക് മുസ്‌ലിം ആരാധനാലയങ്ങളും അവരുടെ വാസസ്ഥലങ്ങളും കേന്ദ്രീകരിച്ച് ഏകപക്ഷീയ ആക്രമണങ്ങള്‍ നടന്നത്. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും കര്‍ണാടകയിലും ബീഹാറിലും മാത്രമല്ല, ബി.ജെ.പിയേതര കക്ഷികള്‍ ഭരിക്കുന്ന പശ്ചിമബംഗാളിലും ഝാര്‍ഖണ്ഡിലും രാജസ്ഥാനില്‍ പോലും മുസ്‌ലിംകള്‍ക്കെതിരായ ഒറ്റതിരിഞ്ഞ ആക്രമണങ്ങള്‍ നടന്നു. ഇവയില്‍ മിക്കതും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ആണെന്ന് തോന്നിപ്പിക്കുംവിധമായിരുന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ വര്‍ഗീയ സംഘര്‍ഷത്തിലെ പ്രതികളാണെന്നാരോപിച്ച് മുസ്‌ലിംകളുടെ അറുപതോളം കുടിലുകള്‍ളും കടകളും ശിവരാജ്‌സിങ് ചൗഹാന്‍ ഭരണകൂടം ബുള്‍ഡോസറുപയോഗിച്ച് ഇടിച്ചു നിരപ്പാക്കി. പള്ളി അഗ്നിക്കിരയാക്കി. ചൗഹാന് ‘ബുള്‍ഡോസര്‍ മാമ’ എന്ന ചെല്ലപ്പേരുപോലും ഇതുമൂലം കേള്‍ക്കേണ്ടിവന്നു. ബീഹാറിലും ബംഗാളിലും പള്ളി മിനാരങ്ങളുടെ മുകളില്‍ കയറി കാവിക്കൊടികെട്ടുന്നതും അതിന് സ്ത്രീകളടക്കം നിരവധി പേര്‍ സഹായികളായി നില്‍ക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെ രാജ്യവും ലോകവും കണ്ടു. ബംഗാളിലും കര്‍ണാടകയിലും പള്ളികളിലെ ബാങ്ക് വിളിസമയത്ത് ‘ജയ്ശ്രീം’ മുദ്രാവാക്യങ്ങള്‍ ആക്രോശിച്ച് തടസപ്പെടുത്തുന്ന നികൃഷ്ട നടപടികളുമുണ്ടായി.

രാജ്യാന്തരവാര്‍ത്താചാനലായ ‘അല്‍ജസീറ’ ഇവയുടെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്തകളിലുള്‍പെടുത്തുകയുണ്ടായി. ഹിന്ദു പുരാണത്തിലെ പ്രജാതല്‍പരനായ ശ്രീരാമനെക്കുറിച്ച് രാമജന്മഭൂമി പ്രക്ഷോഭവും രാമക്ഷേത്ര നിര്‍മാണവുംകൊണ്ട് നേരത്തെതന്നെ അന്താരാഷ്ട്ര സമൂഹത്തിനിടയിലുണ്ടായ തെറ്റായ തോന്നലുകളെ ശരിവെക്കുന്ന തരത്തിലാണ് രാമനവമിക്കുണ്ടായത്. മെയ് മൂന്നിനുശേഷം പള്ളികളില്‍ മൈക്കിലൂടെ ബാങ്ക് വിളിക്കരുതെന്നാണ് മഹാരാഷ്ട്രയിലെ നവനിര്‍മാണ്‍സേന തലവന്‍ രാജ്താക്കറെയുടെ ഭീഷണി. ഇവയില്‍ രാജസ്ഥാനില്‍ മാത്രമാണ് ജില്ലാകലക്ടറുള്‍പ്പെടെ ഏതാനും ഉദ്യോഗസ്ഥര്‍ക്കെതിരെ അക്രമങ്ങള്‍ക്ക് കോണ്‍ഗ്രസ്‌സര്‍ക്കാരില്‍നിന്ന് നടപടിയുണ്ടായിരിക്കുന്നത്. ഇവയെല്ലാം കണ്ടും കേട്ടും രാഷ്ട്രാധികാരത്തിന്റെ അമരത്ത് മിണ്ടാപ്രാണികളായിരിക്കുന്ന നേതാക്കളാണ് യഥാര്‍ഥ പ്രതികളെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്!

ഡിസംബറില്‍ ഹരിദ്വാറിലും ഡല്‍ഹിയിലും നടന്ന ഹൈന്ദവ മത സമ്മേളനങ്ങളില്‍ (ധര്‍മ് സംസദ്) സര്‍വസംഗപരിത്യാഗികളെന്ന് വിശേഷിപ്പിക്കപ്പെടുന്ന സന്യാസിമാര്‍ മുസ്‌ലിംകളെ വംശീയ ഉന്മൂലനം നടത്തണമെന്ന് ഒരിടത്ത് ആഹ്വാനം ചെയ്തപ്പോള്‍ അവരിലെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യണമെന്നാണ് മറ്റൊരു കാഷായധാരി വിളിച്ചുപറഞ്ഞത്! ഇതു സംബന്ധിച്ച് കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് പറഞ്ഞിരിക്കുന്നത്, സന്യാസിമാര്‍ സ്വയം പ്രതിരോധത്തിനായി നടത്തിയ പ്രസ്താവനകള്‍ മാത്രമാണതെന്നാണ്. ഭരണഘടനയുടെ 25-ാം വകുപ്പ് അനുവദിക്കുന്ന മത സ്വാതന്ത്ര്യവും ഭരണഘടനയുടെ സത്ത മതനിരപേക്ഷതയാണെന്ന എസ്.ആര്‍ ബൊമ്മ കേസിലെ സുപ്രീംകോടതിവിധിയും ഇനിയെന്നാണ് സ്ഥാപിക്കപ്പെടുക.

ഇനിയുംകാത്തുനിന്നാല്‍ രാഷ്ട്രത്തെ മൊത്തത്തില്‍ വിഴുങ്ങാനീ വിദ്വേഷാഗ്നിക്ക് കഴിയുമെന്ന തിരിച്ചറിവെന്നാണുണ്ടാവുക? ഇതിനാണോ ബ്രിട്ടീഷുകാരില്‍നിന്ന് ആയിരക്കണക്കിന് ധീരദേശാഭിമാനികള്‍ ചോരചിന്തിയും ജീവന്‍ വെടിഞ്ഞും സ്വാതന്ത്ര്യം നേടിത്തന്നത്. സത്യത്തില്‍ ഗാന്ധിജിയുടെ വടി പ്രായത്താല്‍ ഊന്നുന്നതിനായിരുന്നെങ്കിലും അതെടുത്ത് ഭഗവത് വിശേഷിപ്പിച്ച രീതിയില്‍ പ്രയോഗിക്കേണ്ടത് ഇന്ത്യയില്‍ ആര്‍ക്കു നേരെയാണെന്നതില്‍ ഏതെങ്കിലും മനുഷ്യര്‍ക്കിന്ന് സംശയമുണ്ടെന്നുണ്ടോ?.

Test User: