തിരുവനന്തപുരം: രക്ഷസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി മാര്‍ഗനിര്‍ദേശം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പുറത്താക്കി. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ചവരുടെ സ്മരണാര്‍ത്ഥം രക്തസാക്ഷിദിനം ആചരിക്കണമെന്ന് ആഹ്വാനം ചെയ്താണ് സര്‍ക്കുലര്‍. രക്തസാക്ഷിത്വദിനത്തില്‍ രാവിലെ 11 മണിക്ക് രണ്ടു മിനിറ്റ് മൗനം ആചരിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ സര്‍ക്കുലറില്‍ നിന്ന് ഗാന്ധിജിയുടെ പേര് നീക്കം ചെയ്തത് വന്‍ വിവാദമായിട്ടുണ്ട്. പൊതുഭരണ വകുപ്പ് തയാറാക്കിയ സര്‍ക്കുലര്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലേക്കും അയച്ചതോടെയാണ് ഗാന്ധിജി പുറത്തായ വിവരം പുറംലോകമറിയുന്നത്.
ഗാന്ധി സ്മരണ ദിനം ആചരിക്കാന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ നിന്ന് ഗാന്ധിജിയെ തന്നെ പുറത്താക്കിയത് മനപൂര്‍വമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ ആരോപിച്ചു. ഗാന്ധിജിയെ അപമാനിക്കുന്നതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ മനപൂര്‍വമാണ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി തെറ്റു തിരുത്താന്‍ തയാറാവണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ പേര് ഒഴിവാക്കിയ നടപടി കടുത്ത ഗാന്ധിനിദയാണെന്നും സുധീരന്‍ പറഞ്ഞു. ഖാദി വകുപ്പിന്റെ കലണ്ടറില്‍ നിന്ന് ഗാന്ധിജിയുടെ ചിത്രം ബിജെപി കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എല്‍ഡിഎഫ് സര്‍ക്കാറും ഗാന്ധിജിക്കെതിരെ തിരിഞ്ഞത്.