അലിഗഡ്: മഹാത്മ ഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധി വധം പുന:സൃഷ്ടിച്ച ഹിന്ദുമഹാസഭ നേതാവ് പൂജ ശകുന്‍ പാണ്ഡെ അറസ്റ്റില്‍. ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷിച്ച കേസിലാണ് ഒളിവില്‍ പോയ പൂജ പാണ്ഡെയെ പൊലീസ് അറസ്റ്റ് ചെയ്തത്.
അലിഗഡിലെ താപാലില്‍ നിന്നാണ് പൊലീസ് പൂജയെ അറസ്റ്റ് ചെയ്യുന്നത്. ഇവരുടെ ഭര്‍ത്താവ് അശോക് പാണ്ഡെയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെയാണ് ഉത്തര്‍പ്രദേശ് പൊലീസ് ക്രിമിനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗാന്ധി വധം പുന:സൃഷ്ടിച്ചതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ ഉണ്ടായിരുന്ന മൂന്നു പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പാണ്ഡെ വെടിവെക്കുമ്പോള്‍ ചുവന്ന നിറത്തിലുള്ള ദ്രാവകം ഗാന്ധിജിയുടെ കോലത്തില്‍ നിന്നും ഒഴുകുന്നതായി ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ഇതിന്റെ വീഡിയോ ഹിന്ദു മഹാസഭ തന്നെയാണ് പുറത്തുവിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ വ്യക്തിയായി രാജ്യം ഗാന്ധിജിയെ കാണുമ്പോള്‍ ഇന്ത്യാ വിഭജനത്തിന്റെ കാരണക്കാരനായാണ് ഗാന്ധിജിയെ ഹിന്ദു മഹാസഭ കണക്കാക്കുന്നത്.