X

ഗാന്ധി സ്മൃതി മണ്ഡപം പതഞ്ജലിയുടെ ഗോഡൗണാക്കി ബാബാ രാംദേവ്

അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതി മണ്ഡപം പതഞ്ജലിയുടെ ഗോഡൗണാക്കി വിവാദ സന്യാസി ബാബാ രാംദേവ്. ഗുജറാത്തിലെ സര്‍ക്കാര്‍ റസ്റ്റ് ഹൗസിലെ ഗാന്ധി സ്മൃതി ഖണ്ഡാണ് പതഞ്ജലിയുടെ ഗോഡൗണാക്കിയത്.

രാജ്യദ്രോഹക്കുറ്റത്തിന് 95 വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിജിയെ തടവുശിക്ഷക്കു വിധിച്ച കോടതി മുറിയാണ് സ്മൃതി ഖണ്ഡ്. എന്നാല്‍ ഇതില്‍ ഇപ്പോള്‍ പതഞ്ജലിയുടെ നെയ്യ്, വിരിപ്പ്, ബാനര്‍, നോട്ടീസ് എന്നിവയാണ് സൂക്ഷിച്ചിരിക്കുന്നത്.

സര്‍ക്യൂട്ട് ഹൗസിലെ 28 മുറികളില്‍ 12 എണ്ണം കഴിഞ്ഞ മെയ് 25 മുതല്‍ പതഞ്ജലിയാണ് ഉപയോഗിക്കുന്നത്. മറ്റു മുറികളിലാവട്ടെ യോഗദിനത്തിന്റെ തയാറെടുപ്പുകള്‍ക്കായി പതഞ്ജലിയുടെ തന്നെ ജീവനക്കാരും സ്ഥാനമുറപ്പിച്ചിട്ടുണ്ട്.

സ്മൃതി ഖണ്ഡില്‍ സൂക്ഷിച്ച ഗാന്ധിയന്‍ സ്മരണകളുണര്‍ത്തുന്ന ഫയലുകളും രേഖകളുമെല്ലാം കെട്ടിടത്തിന്റെ ഒരു മൂലയില്‍ കൂട്ടിയിട്ട അവസ്ഥയിലാണുള്ളത്.

മുറിയുടെ ചുവരില്‍ തൂക്കിയിരുന്ന ഗാന്ധി ചിത്രം വരെ എടുത്തുമാറ്റപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന ചിത്രങ്ങളാവട്ടെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ കൊണ്ട് കാണാത്ത അവസ്ഥയിലുമാണുള്ളത്.

സംഭവത്തെക്കുറിച്ച് അറിവില്ല

സര്‍ക്യൂട്ട് ഹൗസിന്റെ സംരക്ഷണ ചുമതലയുള്ള ഷഹിബൗങ് സബ്ഡിവിഷന്‍ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എന്‍ഞ്ചിനീയര്‍ ചിരാഗ് പട്ടേലിനോട് സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കറിവില്ലെന്നായിരുന്നു മറുപടി.

ഗോഡൗണായി ഉപയോഗിക്കാന്‍ പതഞ്ജലിക്ക് ആര് അനുമതി നല്‍കിയെന്ന് തനിക്ക് അറിവില്ലെന്നും സംഭവം അന്വേഷിച്ച് വരികയാണെന്നും ചിരാഗ് പട്ടേല്‍ പ്രതികരിച്ചു.

chandrika: