X

മതഭ്രാന്തന്മാരെ ഇന്നും ഭയപ്പെടുത്തുന്ന ഗാന്ധിജി

കെ.പി ജലീല്‍

‘ഏറ്റവും നിസ്സാര സൃഷ്ടിയെകൂടി തന്നെപ്പോലെതന്നെ സ്‌നേഹിക്കാന്‍ കഴിയുന്ന ആളിനേ സാര്‍വലൗകികവും സര്‍വവ്യാപിയുമായ സത്യാത്മാവിനെ മുഖാമുഖം ദര്‍ശിക്കാനാവൂ. അത് അഭിലഷിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിന്റെ യാതൊരു മണ്ഡലത്തില്‍നിന്നും വിട്ടുനില്‍ക്കാനാകില്ല. അതുകൊണ്ടാണ് എന്റെ സത്യോപാസന എന്നെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ആകര്‍ഷിച്ചത്. മതത്തിന് രാഷ്ട്രീയത്തില്‍ യാതൊന്നും ചെയ്യാനില്ലെന്ന് പറയുന്നവര്‍ മതമെന്തെന്ന് അറിയുന്നില്ല എന്ന് അല്‍പംപോലും മടികൂടാതെയും എന്നാല്‍ വിനയത്തോടുകൂടിയും എനിക്ക് പറയാന്‍ കഴിയും’. എം.കെ ഗാന്ധി (എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍). മതം ഇന്ത്യയില്‍ ഇന്ന് വലിയ ചര്‍ച്ചാവിഷയമാണ്. രാജ്യത്തെന്നല്ല, ലോകത്താകെയും അതുതന്നെയാണ് അവസ്ഥ. മതങ്ങളാണ് സമൂഹത്തിലെയും അതിലെ രാഷ്ട്രീയമുള്‍പ്പെടെയുള്ള മേഖലകളിലെയും പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്ന് വാദിക്കുന്നവരാണ് പലരും. അതില്‍ തെല്ലും സത്യമില്ലെന്നതാണ് വാസ്തവം. ട്രാഫിക് നിയമം കാരണം തോന്നിയതുപോലെ വാഹനം ഓടിച്ചുപോകാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നതുപോലെയാണ് ഈ ആരോപണം. യഥാര്‍ഥത്തില്‍ സമൂഹത്തിലെ അരുതായ്മകള്‍ക്കെതിരായ ദൈവീകമായ, പ്രകൃതീയമായ പ്രതിവിധിയാണ് മതങ്ങളെല്ലാം ഉദ്‌ഘോഷിക്കുന്നത്. മഹാന്മാരുടെ ദൗത്യവും മറ്റൊന്നല്ല. എന്നാല്‍ മതങ്ങളെ അവയുടെ യഥാര്‍ഥ സത്തയില്‍നിന്ന് വേറിട്ടടര്‍ത്തി സ്വാര്‍ഥലാഭമോഹികളും കൊള്ളക്കാരും അവയെ ദുരുപയോഗിക്കുന്നിടത്താണ് മതം പ്രശ്‌നമാകുന്നതും അവയെ തെറ്റിദ്ധരിക്കാന്‍ പൊതുജനത്തിന് ഇടവരുത്തുന്നതും.

മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ സമകാലീനമായ രാഷ്ട്രീയ സാമൂഹികാവസ്ഥയെയും ഇങ്ങനെയേ വിലയിരുത്താനാകൂ. ഗാന്ധിജി ഒരിക്കലും മതത്തെ തള്ളിപ്പറഞ്ഞിരുന്നില്ലെന്ന് മാത്രമല്ല, അതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട് മൂല്യവത്തായ ജീവിതം നയിക്കണമെന്നാണ് അദ്ദേഹം പഠിപ്പിച്ചതും ആജ്ഞാപിച്ചതും. അത് അദ്ദേഹത്തിന് ലഭിച്ചത് മറ്റൊരു നാട്ടില്‍നിന്നുമായിരുന്നില്ല. സഹസ്രാബ്ദങ്ങളായി ഇന്ത്യയില്‍ രൂപപ്പെടുകയും നിലനില്‍ക്കുകയും ചെയ്തുവന്ന മൂല്യങ്ങള്‍തന്നെയായിരുന്നു മതങ്ങളുടെയും അന്തസ്സത്ത. ഹിന്ദുമതം അവയിലൊന്ന് മാത്രമാണ്. സനാതനമതം എന്നാണ് അത് അറിയപ്പെടുന്നതുതന്നെ. സര്‍വവിചാരധാരകളെയും സംസ്‌കാരങ്ങളെയും ഉള്ളിലേക്ക് ആകര്‍ഷിക്കുകയും ഏറ്റെടുക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഭാരതീയ ദര്‍ശനമാണ് ഹിന്ദുമതം. ‘ഹിന്ദു ഒരു മതമല്ല, ജീവിതചര്യയാണ്’ എന്ന സുപ്രീംകോടതിയുടെ സുപ്രധാനമായ നിരീക്ഷണവും ഇന്ത്യയുടെയും ഗാന്ധിജിയുടെയും മേല്‍സിദ്ധാന്തത്തിന് അനുപൂരകവുമാകുന്നു.

തന്റെ ഇംഗ്ലണ്ടിലെയും തെക്കനാഫ്രിക്കയിലെയും പഠന-പ്രവാസ കാലത്ത് ഗാന്ധിജി രൂപപ്പെടുത്തിയെടുത്ത ചിന്താധാരകള്‍ ഏതാണ്ട് ശരാശരി ഭാരതീയന് എളുപ്പം ആവാഹിക്കാന്‍ പറ്റുന്നതായിരുന്നു. പാശ്ചാത്യമായ ക്രിസ്തീയ വിശ്വാസത്തെയും അറേബ്യയിലെയും മറ്റും ഇസ്്‌ലാമിക വിശ്വാസത്തെയും പഠിച്ച അദ്ദേഹം അതിലെയെല്ലാം മൂല്യങ്ങള്‍ സ്വയം സ്വാംശീകരിക്കാനും ഭാരതീയ ദര്‍ശനത്തെ അതുമായി കൂട്ടിയിണക്കി താരതമ്യ വിശകലനം നടത്താനും തയ്യാറായി. അതുകൊണ്ടുതന്നെയാണ് ഇന്ത്യയിലെ വിശ്വാസികളായ പരസഹസ്രം നിസ്വരായ ജനങ്ങളെ തന്നിലേക്കാകര്‍ഷിക്കാനും അവരില്‍ തന്റെ അഹിംസാസിദ്ധാന്തം വളര്‍ത്തിയെടുക്കാനും സാധ്യമായത്. ഇന്ത്യയുടെ പ്രത്യേകിച്ചും ഇന്നും ഉത്തര പടിഞ്ഞാറന്‍ ഇന്ത്യയില്‍ മാംസഭക്ഷണം നിഷിദ്ധമായിരിക്കുന്നതിന്റെ കാരണം ആ അഹിംസാസിദ്ധാന്തത്തില്‍നിന്ന് ഉല്‍ഭവം കൊണ്ടതാണ്. അത് ഗാന്ധിജിയുടെ മാത്രം സിദ്ധാന്തമാണെന്ന് പറയാനാകാത്തതും അതുകൊണ്ടാണ്.
ഇവിടെയാണ് ഹിന്ദുമതത്തിന്റെ പേരില്‍ ആര്‍.എസ്.എസ്സാദി തീവ്രചിന്താഗതിക്കാര്‍ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങളും അധികാരത്തിന് വേണ്ടിയുള്ള ഹിംസകളും കിടമല്‍സരങ്ങളും പ്രസക്തമാകുന്നത്. ഗാന്ധിജി പറഞ്ഞ അഹിംസയുടെ, മൂല്യത്തിന്റെ, ധാര്‍മികതയുടെ ഹിന്ദുവിനെയല്ല, തങ്ങള്‍ക്ക് വേണ്ടതെന്ന് പരസ്യമായി പ്രകടിപ്പിച്ചവരാണ് ആര്‍.എസ്.എസ്സും അതിന്റെ രാഷ്ട്രീയ രൂപമായിരുന്ന ഹിന്ദുമഹാസഭയും. ജനസംഘമായും പിന്നീടത് ഭാരതീയ ജനതാപാര്‍ട്ടിയായും രൂപങ്ങള്‍മാറിയെങ്കിലും നിറവും രസവും ഒന്നുതന്നെ. സത്യത്തില്‍ ഗാന്ധിജിയെയും അദ്ദേഹത്തിന്റെ അഹിംസാധിഷ്ഠിതമായ സനാതനമത്തെയും നിഷേധിക്കുകയും മഹാത്മാവിനെ പട്ടാപ്പകല്‍ വെടിവെച്ചുകൊലപ്പെടുത്തുകയും അതില്‍ അഭിമാനിക്കുകയും ചെയ്തതിലൂടെ യഥാര്‍ഥ ഹിന്ദുമതത്തെയല്ല തങ്ങള്‍ പിന്തുടരുന്നതും പിന്തുണക്കുകയും ചെയ്യുന്നതെന്ന് തീവ്രഹിന്ദുത്വവാദികള്‍ പരസ്യപ്രഖ്യാപനം നടത്തുകയായിരുന്നു. അവരാണ് ഇന്ന് രണ്ടാംതവണയും ഗാന്ധിജിയുടെ മതേതര ഇന്ത്യയെ ഭരിച്ചുകൊണ്ടിരിക്കുന്നത് എന്നത് ഗാന്ധിജിയെ ഇന്നും അവര്‍ കൊന്നുകൊണ്ടേയിരിക്കുന്നുവെന്നതിന് തെളിവാണ്.

ഇവര്‍ക്ക് ഗാന്ധിജിയുടെ രൂപത്തിലേക്ക് പോലും വെടിവെച്ച് അര്‍മാദിക്കാനും ഏകമത ഏക സംസ്‌കാര ഇന്ത്യ കെട്ടിപ്പടുക്കാനും ആഹ്വാനം ചെയ്യാന്‍ മടിയില്ലാത്തതും അതുകൊണ്ടുതന്നെ. ഇതര മതസ്ഥരെ, വിശേഷിച്ചും മുസ്്‌ലിംകളെ കലാപങ്ങള്‍ സൃഷ്ടിച്ച് കൂട്ടക്കശാപ്പ് നടത്താനും ജീവസന്ധാരണത്തിന് വ്യാപാരം നടത്തുന്ന പാവങ്ങളെ അവരുടെ വേഷത്തിന്റെ പേരില്‍ തെരുവോരങ്ങളില്‍ കൊലചെയ്യാനും മടിയില്ലാത്തതും ഗാന്ധിജിയുടെ തുടര്‍വധത്തിന് തുല്യംതന്നെ. ‘ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്നവര്‍ എന്നെ വെടിവെച്ചുകൊല്ലൂ’ എന്ന് ഒരു പ്രധാനമന്ത്രിക്ക് പറയാന്‍ ബാധ്യതയുണ്ടെങ്കിലും ആര്‍.എസ്.എസ്സുകാരനായ, ഗുജറാത്തിലെപോലുള്ള മുസ്‌ലിം വംശീയ ഉന്മൂലനത്തെ പിന്തുണക്കുന്ന നരേന്ദ്രമോദിയും കൂട്ടരും പരോക്ഷമായി അതിനെ പിന്തുണക്കുന്നത് അതുകൊണ്ടാണ്. ചെന്നായക്ക് ആട്ടിന്‍തോല്‍ ധരിപ്പിക്കുംപോലെയാണത്. പശ്ചിമബംഗാളിലെ നവ് ഖാലികള്‍ ആവര്‍ത്തിക്കപ്പെടുന്നതും അതില്‍ തീര്‍ത്തും പശ്ചാത്താപമില്ലാതിരിക്കുന്നതും തീവ്രഹിന്ദുത്വവാദികള്‍ക്ക് മാത്രമാകുന്നതും അതുകൊണ്ടാണ്.

ലോകത്തെ വലിയ ആര്‍ഭാടവും ആഘോഷവുമായി ഇന്ത്യയില്‍ നിര്‍മിച്ച സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ തന്നെയാണ് മോദികാല ഇന്ത്യയുടെ മറ്റൊരു ഗാന്ധിവധം. ഗാന്ധിജി അക്ഷീണം ആരുടെ ക്ഷേമത്തിന് വേണ്ടി പ്രയത്‌നിച്ചുവോ ആ പാവപ്പെട്ടവരുടെ സമ്പാദ്യത്തില്‍നിന്ന് ഊറ്റിയെടുത്ത നാണയത്തുട്ടുകളാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി എന്ന മോദിയുടെ ഗുജറാത്തിലെ പട്ടേല്‍ പ്രതിമയില്‍ ഉള്‍ചേര്‍ന്നിരിക്കുന്നത്. ‘സര്‍ക്കാരിന്റെ ഏതൊരു പദ്ധതിയും സമൂഹത്തിലെ ഏറ്റവും താഴേക്കിടയില്‍കിടക്കുന്നവന് പ്രയോജനപ്പെടുന്നതായിരിക്കണം’ എന്ന് വാദിച്ച ഗാന്ധിജിയുടെ ഇന്ത്യയിലാണ് അദ്ദേഹത്തിന്റെ വധത്തിന് ഏഴു പതിറ്റാണ്ടിന് ശേഷം പ്രതിമകളുടെയും പകല്‍കൊള്ളകളുടെയും രൂപത്തില്‍ വീണ്ടും വീണ്ടും ‘ഗാന്ധിവധ’ങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മതത്തെ രാഷ്ട്രീയത്തില്‍നിന്ന് വേര്‍തിരിച്ചുനിര്‍ത്തുകയല്ല, മതമൂല്യങ്ങളെ രാഷ്ട്രീയത്തില്‍ ആരോഗ്യകരമായി ഉള്‍ചേര്‍ക്കലിന്റെ ആവശ്യകതയെയാണ് ഇത് ഊന്നിപ്പറയുന്നത്. അത്പക്ഷേ വൈദേശികമായ സെക്യുലര്‍ നിര്‍വചനത്തിന്റേതല്ല. മതേതരത്വം എന്നത് മതനിരപേക്ഷമാകുന്നതിനെയാണ് ഇന്ത്യയും ഗാന്ധിജിയും രാജ്യത്തെ ഭരണഘടനയും ഉയര്‍ത്തിപ്പിടിച്ചത്. ആ പാരമ്പര്യമാണ് ഇന്ത്യയെ ലോക രാഷ്ട്രങ്ങളില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നതും. ഗാന്ധിജിയുടെ പാവപ്പെട്ടവര്‍ക്കും ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ബൗദ്ധര്‍ക്കും ജൈനര്‍ക്കും എല്ലാം വേണ്ടിയുള്ള പാരസ്പര്യത്തെയാണ് ഇന്ത്യ അഥവാ ഭാരതം എന്ന് വിളിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ്സിന്റെയും ഗോള്‍വാള്‍ക്കറുടെയും സവര്‍ക്കറുടെയും ഇന്ത്യ എന്നു പറയുന്നത് ഭാരതീയതയുടെയും ഗാന്ധിജിയുടെയും മതനിരപേക്ഷതയുടെയും നിഷേധമാകുന്നു. ഏതൊരു മഹത്തായ ലക്ഷ്യത്തിനുവേണ്ടിയാണോ മഹാത്മാവ് ജീവന്‍ബലികൊടുത്തത്, അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും വകഞ്ഞുമാറ്റി പണിയപ്പെടുന്ന വ്യാജ ‘ഐക്യത്തിന്റെ പ്രതിമ’കളും അവ നിര്‍മിച്ചവരും സ്വയംചെറുതാകുകയും ഗാന്ധിജിയുടെ ഇന്ത്യ ഇന്നും സകലമത-ജാതിവര്‍ഗവിഭാഗങ്ങളുടെയും മാതൃഭൂമിയായി നിലകൊള്ളുന്നതും സഹിക്കാനാകാത്തവരുടെ സ്ഥാനം കാലത്തിന്റെ ചവറ്റുകൊട്ടയിലായിരിക്കുകതന്നെചെയ്യും. അതാണല്ലോ നാസികളും ഫാസിസ്റ്റുകളും സ്വപ്രവൃത്തിയിലൂടെ പറഞ്ഞുതന്നിട്ടുള്ളത്.

ഹൈന്ദവമതം ഉദ്‌ബോധനംചെയ്ത വസുധൈവ കുടുംബകം എന്ന ആശയത്തെ മുന്‍നിര്‍ത്തി ഗാന്ധിജി ഇങ്ങനെ പറഞ്ഞു: ലോകത്തെ മുഴുവന്‍ ഏകകുടുംബമായി കാണാനുള്ള സുവര്‍ണ പാതയെന്തെന്നാല്‍, അതിദേശീയതയെയും സങ്കുചിതമതാത്മകതയെയും ഉപേക്ഷിക്കുകയാണ്. അതാണോ അന്ധരായ ആരാധകരാല്‍ മഹാത്മാഗാന്ധിജിയോട് ഉപമിക്കപ്പെടുന്ന നരേന്ദ്രമോദിയുടെ ഇന്ത്യ ചെയ്തുകൊണ്ടിരിക്കുന്നതെന്നത് ആര്‍ക്കും ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. യുഗങ്ങളിലൊരിക്കലേ മഹാമനീഷികള്‍ പിറവികൊള്ളൂ എന്നതാണ് ഹൈന്ദവദര്‍ശനം. ‘ഗാന്ധി’ എന്ന മഹാത്മാവിന്റെ പേരിലെ പദംപോലും ഇന്ത്യയുടെ രാഷ്ട്രീയ ഉത്തുംഗതയില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്നതും തീവ്രദേശീയവാദികള്‍ അതിനെ ‘ഗാന്ധിഫോബിയ’ ആയി ഭയപ്പെടുന്നതും ഒരുപക്ഷേ കാലത്തിന്റെ കാവ്യനീതിയായിരിക്കാം.രാഷ്ട്രപിതാവിനും രാഷ്ട്രത്തിനും അവര്‍ക്ക് നല്‍കാവുന്ന ശിക്ഷയുമാണത്! ഇതുതന്നെയാണ് ഗാന്ധിജയന്തിദിനത്തിലെ ഇന്നിന്റെ സന്ദേശവും.

Test User: