ഷെരീഫ് സാഗർ
അരി വാങ്ങുവാൻ ക്യൂവിൽത്തിക്കിനില്ക്കുന്നു ഗാന്ധി; അരികേ കൂറ്റൻ കാറി-ലേറി നീങ്ങുന്നു ഗോഡ്സേ. എൻ.വി കൃഷ്ണവാര്യർ എഴുതിയ ഗാന്ധിയും ഗോഡ്സെയും എന്ന കവിതയിലെ വരികളാണ്. ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളെല്ലാം ഇപ്പോഴും ദാരിദ്ര്യ രേഖക്കു താഴെയാണ്. ജീവൻ നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ്. എന്നാൽ ഗോഡ്സെ എവിടെയാണ്? ഗോഡ്സെ കാറിൽ രാജ്യം ചുറ്റുന്നു. അത് വെറുമൊരു കാറല്ല. കവിയുടെ ഭാവനയിൽത്തന്നെ അതൊരു കൂറ്റൻ കാറാണ്. വംശീയാധികാരത്തിന്റെയും ആധിപത്യത്തിന്റെയും മുതലാളിത്തത്തിന്റെയും പ്രതീകമായ കൂറ്റൻ കാർ.
എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തത് എന്ന അമ്പരപ്പിക്കുന്ന ചോദ്യവുമായി വർഷങ്ങൾക്ക് മുമ്പ് ഗുജറാത്തിലെ ഒരു സ്‌കൂൾ രംഗത്തുവന്നിരുന്നു. ചരിത്രത്തെ വക്രീകരിക്കാനും ചരിത്ര പുരുഷന്മാരെ പരിഹസിക്കാനുമുള്ള തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. ഗാന്ധിജി ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ തയ്യാറായ ആൾക്കൂട്ടം മുന്നിലുള്ള കാലമാണിത്. അത്രത്തോളം ചരിത്രം വക്രീകരിക്കപ്പെടുന്ന കാലത്ത് ജനുവരി 30ന്റെ പ്രസക്തി വർദ്ധിക്കുന്നു.
വെറുപ്പിന്റെ കറുത്ത ചെളി ഹൃദയത്തിൽ അടിഞ്ഞ ഒരു ഹിന്ദുത്വ ഭീകരനാണ് ഗാന്ധിയെ വെടിവെച്ചുകൊന്നത്. ഗോഡ്സെ ഒരു മതഭ്രാന്തൻ മാത്രമായിരുന്നില്ല. ഹിന്ദുത്വ ഫാസിസത്തിന്റെ പ്രതിരൂപമായിരുന്നു. ഇന്ത്യാ രാജ്യത്ത് ഇന്നും ഫാസിസത്തിന്റെ ഊർജ്ജദായകങ്ങളിൽ ഒന്നായി ഗോഡ്സെ വിലസുന്നു. ഗാന്ധിജി വെടിയേറ്റ് മരിച്ചപ്പോൾ മധുരം വിതരണം ചെയ്തവർ രാജ്യം ഭരിക്കുന്ന ഇന്ത്യയിൽ ഗാന്ധി അരിക്കുവേണ്ടി തിക്കിത്തിരക്കി ക്യൂ നിൽക്കുമ്പോൾ, ഗോഡ്സെ കൂറ്റൻ കാറിലേറി നീങ്ങുന്നു.
ഗാന്ധിജിക്കെതിരെ ആദ്യത്തെ വധശ്രമമായിരുന്നില്ല അത്. 1934ൽ പൂനെയിൽ വെച്ചാണ് ആദ്യത്തെ വധശ്രമം. ഗാന്ധിയുടെ വാഹനത്തിന് നേരെ ബോംബെറിഞ്ഞ് കൊണ്ടായിരുന്നു അത്. 1944ൽ മഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പഞ്ചഗണയിൽ നടന്ന രണ്ടാമത്തെ ആക്രമണത്തിൽനിന്ന് കഷ്ടിച്ചാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഗോഡ്സെ നേരിട്ടെത്തി നടത്തിയതായിരുന്നു ഈ അക്രമം. നെഹ്റുവിന്റെ വേഷത്തിൽ വന്ന് വാൾ വലിച്ചൂരിയ ഗോഡ്സെക്കൊപ്പം ഗോപാൽ ഗോഡ്സെയും നാരായൺ ആപ്തെയുമുണ്ടായിരുന്നു. ഇവരുടെ ഗൂഢാലോചനകൾക്ക് ആണ്ടുകളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവം. മുഹമ്മദലി ജിന്നയുമായി സംഭാഷണത്തിന് ഒരുങ്ങുമ്പോഴായിരുന്നു മൂന്നാമത്തെ വധശ്രമം. ഗോഡ്സെ തന്നെയാണ് വില്ലൻ. ആയുധവുമായി വന്ന ഗോഡ്സെയെ പോലീസ് തടഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു. 1946ൽ പൂനെയിലേക്കുള്ള യാത്രക്കിടെ തീവണ്ടിയുടെ പാളം തെറ്റിച്ച് ഗാന്ധിയെ കൊല്ലാനും ശ്രമം നടന്നു. ഒരു പാറയിൽ തട്ടിയപ്പോൾ തീവണ്ടി വേഗം കുറച്ചതിനാൽ അപകടം ഒഴിവായി. 1948 ജനുവരി 20നായിരുന്നു അടുത്ത ശ്രമം. ബോംബെറിഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ ശേഷം ഗാന്ധിയെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ അത് വിജയിക്കില്ലെന്ന് കണ്ടതോടെ സംഘം സ്ഥലം വിട്ടു.
ഗോഡ്സെ ലക്ഷ്യം കണ്ടത് 1948 ജനുവരി 30 വെള്ളിയാഴ്ചയാണ്. 1948 ജനുവരി 30ന് അതിരാവിലെ കർക്കറെ, ആപ്തെ, നാഥുറാം വിനായക് ഗോഡ്സെ എന്നിവർ പഴയ ഡൽഹി റെയിൽവേ സ്റ്റേഷനിലെ ആറാം നമ്പർ വിശ്രമ മുറിയിലെത്തി. അവിടെനിന്ന് കുളിച്ചൊരുങ്ങി ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് പ്രാതൽ കഴിച്ചു. മനുഷ്യരെ കൊല്ലാൻ മടിയില്ലാത്ത ഗോഡ്സെ സസ്യാഹാരം മാത്രമേ കഴിച്ചിരുന്നുള്ളൂ. പ്രാതലിന് ശേഷം മുറിയിൽ തിരിച്ചെത്തി ഗാന്ധിയെ കൊല്ലാനുള്ള അവസാന വട്ട ഗൂഢാലോചന നടത്തി. മൂന്നു കാലുള്ള ക്യാമറ സംഘടിപ്പിച്ച് ക്യാമറാ തുണികൊണ്ട് മൂടി അതിന്റെ പിന്നിൽനിന്ന് വെടിയുതിർക്കാം എന്നായിരുന്നു ഒരു അഭിപ്രായം. മുസ്ലിം സ്ത്രീകൾ അണിയുന്ന പർദ്ദ ധരിക്കാമെന്നായിരുന്നു ആപ്തെയുടെ ഉപായം. അത് കൊള്ളാമെന്നു പറഞ്ഞ് ആപ്തെയും കർക്കറെയും പർദ്ദ വാങ്ങാൻ ചാന്ദ്നി ചൗക്കിലേക്ക് പോയി. പർദ്ദ വാങ്ങി അവർ തിരിച്ചെത്തി. അത് അണിഞ്ഞു നോക്കിയെങ്കിലും തോക്ക് പുറത്തെടുക്കാൻ പ്രയാസമാകുമെന്ന് പറഞ്ഞ് ഗോഡ്സെ ആ പദ്ധതി വേണ്ടെന്നു വെച്ചു. പിടിക്കപ്പെട്ടാൽ ഈ വേഷം അപമാനമാണെന്നും ഗോഡ്സെ പറഞ്ഞു.
അതിനു ശേഷം ബിർല ക്ഷേത്രത്തിനു പിറകിലുള്ള കാട്ടിലെത്തി ഇറ്റാലിയൻ ബരേറ്റ ബിസ്റ്റളെടുത്ത് മരത്തിലേക്ക് വെടിയുതിർത്ത് പരീക്ഷിച്ചു. ചാരനിറത്തിലുള്ള സൈനിക വേഷമണിഞ്ഞ് ഒരു കാക്കി തൊപ്പിയും ധരിച്ച് പുറപ്പെടാനൊരുങ്ങി. ഇന്ത്യാ ഗേറ്റിനടുത്തുനിന്ന് വാങ്ങിയ നിലക്കടല കൊറിച്ച് വൈകുന്നേരം 4.45ന് ഒരു കുതിര വണ്ടിയിൽ അവർ ബിർല മന്ദിരത്തിലേക്ക് തിരിച്ചു. അഞ്ചു മണിയോടെ മന്ദിരത്തിൽ പ്രവേശിച്ചു. ആപ്തെയും കർക്കറെയും ജനക്കൂട്ടത്തിൽ അലിഞ്ഞു.
ഗാന്ധിയുടെ വരവിനായി നാഥുറാം വിനായക് ഗോഡ്സെ കാത്തിരുന്നു. സമയം 5.15. അല്പം വൈകിയതിനാൽ പുൽത്തകിടി കുറുകെ കടന്ന് ഗാന്ധിജി പ്രാർത്ഥനാ വേദിയിലേക്ക് വേഗത്തിൽ നടന്നു. ബാപ്പുജി ബാപ്പുജി എന്ന് ആൾക്കൂട്ടത്തിൽനിന്ന് മർമ്മരമുയർന്നു. നാഥുറാം ഗോഡ്സെ ബരേറ്റ പിസ്റ്റൾ പാന്റിന്റെ പോക്കറ്റിൽ മറച്ചുപിടിച്ചു. ഗാന്ധി തൊട്ടുമുന്നിലെത്തിയ ഉടൻ പിസ്റ്റൾ കൈകളിൽ ഒതുക്കിവെച്ച് നമസ്തേ ബാപ്പുജി എന്നു പറഞ്ഞ് വന്ദിച്ചു. മനുവും ആഭയും ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ഇപ്പോൾത്തന്നെ വൈകിയിരിക്കുന്നു എന്ന് പറഞ്ഞ് അവർ ഗോഡ്സെയെ തടഞ്ഞു. എന്നാൽ ഇടതു കൈ കൊണ്ട് മനുവിനെ ശക്തിയായി തള്ളിമാറ്റിയ ഗോഡ്സെ വലതുകൈയിലിരിക്കുന്ന പിസ്റ്റൾ കൊണ്ട് മൂന്നു തവണ വെടിയുതിർത്തു. ഉന്നം തെറ്റാതെ ഗാന്ധിയുടെ നെഞ്ചിൽത്തന്നെ വെടിയുണ്ടകൾ തറച്ചു. ഹേ റാം, ഹേ റാം എന്ന് ഉച്ചരിച്ച് കൈ കൂപ്പിക്കൊണ്ട് ഗാന്ധി നിലംപതിച്ചു.
ഏതൊരു മണ്ണിനു വേണ്ടിയാണോ ജീവൻ ഉഴിഞ്ഞുവെച്ച് പോരാടിയത്, അതേ മണ്ണ് ഗാന്ധിയുടെ രക്തം കൊണ്ട് ചുവന്നു. ഗാന്ധിയെ കൊന്നത് ഹിന്ദുത്വ ഭീകരനായ ബ്രാഹ്‌മണനാണ്. ഗോഡ്സെയാണ്. ഇത് നിരന്തരം ഓർമപ്പെടുത്തുക എന്നതും പുതിയ കാലത്തെ രാഷ്ട്രീയ പ്രവർത്തനമാണ്. ആ രക്തക്കറ മായ്ച്ചുകളയാൻ സംഘ്പരിവാറിന് കഴിയില്ല. മതേതര ഇന്ത്യ ആ രക്തസാക്ഷിത്വം ഓർമിച്ചുകൊണ്ടേയിരിക്കും. വംശീയാധികാരത്തിനു വേണ്ടി കരുക്കൾ നീക്കുന്നവരെ ആ രക്തക്കറ വേട്ടയാടിക്കൊണ്ടിരിക്കും.