ന്യൂഡല്‍ഹി: ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങിനെതിരെ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസിന്റെ അന്വേഷണം തുടക്കത്തില്‍ തന്നെ അവസാനിപ്പിക്കാന്‍ പല കോണുകളില്‍നിന്ന് സമ്മര്‍ദ്ദം നേരിട്ടിരുന്നുവെന്ന് കേസ് അന്വേഷിച്ച സി.ബി.ഐ ഓഫീസര്‍. റിട്ട. ഡി.ഐ.ജി മുലിന്‍ജ നാരായണന്റേതാണ് വെളിപ്പെടുത്തല്‍. കേസ് യുക്തിസഹമായ അന്ത്യത്തില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
2002ലാണ് റാം റഹിം സിങിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അഞ്ചു വര്‍ഷം ഇതിന്മേല്‍ ഒരു നടപടിയും ഉണ്ടായില്ല. ഈ സാഹചര്യത്തില്‍ 2007ല്‍ പഞ്ചാബ് ഹരിയാനാ ഹൈക്കോടതി കേസ് സി.ബി.ഐക്ക് വിടുകയായിരുന്നു. സ്വാധീനങ്ങള്‍ക്ക് വഴങ്ങാത്ത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം. എന്നാല്‍ അന്വേഷണ ചുമതല ഏല്‍പ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ മേലുദ്യോഗസ്ഥന്‍ തന്നെ സമീപിച്ച് കേസ് അവസാനിപ്പിക്കണമെന്ന് നിര്‍ദേശിച്ചു. അന്വേഷണവുമായി മുന്നോട്ടു പോകുമെന്നും ഉത്തരവ് പാലിക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് താന്‍ മേലുദ്യോഗസ്ഥനെ അറിയിച്ചത്. തൊട്ടു പിന്നാലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍നിന്ന് വിളി വരാന്‍ തുടങ്ങി. പാര്‍ലമെന്റംഗങ്ങള്‍ ഉള്‍പ്പെടെ പലരും തന്നെ നേരില്‍ വിളിച്ച് അന്വേഷണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഹൈക്കോടതി നേരിട്ട് അന്വേഷണം ഏല്‍പ്പിച്ചതിനാല്‍ കോടതി നിലപാട് വലിയ അളവില്‍ സഹായമായി.
ഇതിനിടെ ദേരാ സച്ചാ അനുയായികളില്‍നിന്ന് പലതരത്തിലുള്ള ഭീഷണികളും വരാന്‍ തുടങ്ങി. പരാതിക്കാരുടെ പ്രത്യക്ഷ അഭാവം പ്രാരംഭത്തില്‍ വലിയ വെല്ലുവിളിയായിരുന്നു. ലൈംഗിക പീഡനം നേരിട്ടുവെന്ന് പറയുന്ന യുവതി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കും പഞ്ചാബ്- ഹരിയാനാ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പരാതിക്കാരുടെ പേരോ മറ്റു വിവരങ്ങളോ കത്തില്‍ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ പരാതിക്കാരിയെ ആദ്യം കണ്ടെത്തേണ്ടിയിരുന്നു. പീഡനം നടന്നുവെന്ന് പറയപ്പെടുന്ന റാം റഹിമിന്റെ വീട് കണ്ടെത്തലും വെല്ലുവിളിയായി. അധികമാര്‍ക്കും പ്രവേശനമില്ലാത്ത ഭൂഗര്‍ഭ വസതിയിലായിരുന്നു റാം റഹിമിന്റെ താമസം.
പഞ്ചാബിലെ ഹോഷിപൂര്‍ സ്വദേശനിയാണ് പരാതിക്കാരിയെന്ന് അന്വേഷിച്ച് കണ്ടെത്തി. എന്നാല്‍ റാം റഹിമിനെതിരെ പ്രത്യക്ഷത്തില്‍ പരാതി നല്‍കാന്‍ ഇവര്‍ക്ക് ഭയമായിരുന്നു. യുവതിയേയും കുടുംബത്തേയും പലതവണ സംസാരിച്ച് ബോധ്യപ്പെടുത്തിയ ശേഷമാണ് സി.ആര്‍.പി.സി 164 പ്രകാരം മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി രേഖപ്പെടുത്തിയത്. ഇതോടെ യുവതിക്കും കുടുംബത്തിനും നേരെ ദേരാ സച്ചാ അനുയായികളുടെ ഭീഷണിയുണ്ടായി.
റാം റഹിം സിങിനെ ചോദ്യം ചെയ്യുക എന്നതായിരുന്നു അടുത്ത വെല്ലുവിളി. പലതവണ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഏറ്റവും ഒടുവില്‍ അര മണിക്കൂര്‍ ചോദ്യം ചെയ്യാമെന്ന ഉപാധിയോടെ അദ്ദേഹം അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി. എന്നാല്‍ തുടര്‍ച്ചയായ രണ്ടര മണിക്കൂര്‍ അദ്ദേഹത്തെ അന്വേഷണ സംഘം ചോദ്യംചെയ്തു. ആരോപണങ്ങളെല്ലാം നിഷേധിച്ചെങ്കിലും മൊഴിയിലെ വൈരുധ്യങ്ങള്‍ അദ്ദേഹത്തിന് വിനയായി. ഇത് കേസിനെ ബലപ്പെടുത്തിയെന്നും മുലിന്‍ജ നാരായണന്‍ പറഞ്ഞു. ഡി.ഐ.ജിയായി പ്രമോഷന്‍ ലഭിച്ച മുലിന്‍ജ 2009ലാണ് സര്‍വീസില്‍നിന്ന് റിട്ടയര്‍ ചെയ്തത്. റാം റഹിമിനെതിരായ രണ്ട് കൊലപാതകക്കേസുകളും ഇതേ രീതിയില്‍ യുക്തിസഹമായ അന്ത്യത്തില്‍ എത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.