ന്യൂഡല്‍ഹി: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ഗംഭീറിന് ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടെസ്റ്റില്‍ തിളങ്ങാനായില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ തരംഗമാവാനായി. ഗംഭീറിന്റെ തിരിച്ചുവരവ് സൈബര്‍ ലോകം ആഘോഷിച്ചത് പോലെ മറ്റൊരു കളിക്കാരനും ഇങ്ങനെയൊരു തിരിച്ചുവരവ് ലഭിച്ചിട്ടുണ്ടാവില്ല. മത്സരത്തിന്റെ തലേന്ന് ഗംഭീര്‍ കളിക്കുമെന്ന് ക്യാപ്റ്റന്‍ കോഹ്‌ലി വ്യക്തമാക്കിയതില്‍ തുടങ്ങിയതാണ് ഈ വരവേല്‍പ്പ്. സെവാഗിനൊപ്പം ഇന്നിങ്്സ് ഓപ്പണ്‍ ചെയ്ത ഗംഭീറിന്റെ നല്ല ഓര്‍മകള്‍ പലരും പങ്കുവെച്ചു.
53 പന്തില്‍ നിന്ന് 29 റണ്‍സാണ് ഗംഭീര്‍ സ്വന്തമാക്കിയത്.
ട്രെന്‍ഡ് ബോള്‍ട്ടിന്റെ പന്തില്‍ ഗംഭീര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. മത്സരത്തിന്റെ നാലാം ഓവറില്‍ മാറ്റ് ഹെന്റിയെ തുടര്‍ച്ചയായി രണ്ട് വട്ടമാണ് ഗംഭീര്‍ സിക്‌സര്‍ പറത്തിയത്. ഗാലറികളില്‍ നിലക്കാത്ത കയ്യടിയായിരുന്നു ആ സിക്‌സറുകള്‍ക്ക് ലഭിച്ചത്. സോഷ്യല്‍ മീഡിയകളിലും ഇതിന് അലയൊലികള്‍ തീര്‍ക്കാനായി. ഗംഭീര്‍, താങ്കള്‍ ഐ.പി.എല്ല അല്ല കളിക്കുന്നത്, ടെസ്റ്റ് മാച്ച് ആണെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഗംഭീറിന്റെ വേഗത വിനയാകുമോ എന്ന് പേടിച്ചായിരുന്നു അയാളുടെ ട്വീറ്റ്. ശ്രദ്ധ കേന്ദ്രീകരിച്ച് കളിക്കുന്നതിനിടെയാണ് ബോള്‍ട്ടിന്റെ പന്ത് വില്ലനാകുന്നത്. അതിവേഗത്തില്‍ വന്ന പന്തിനെ പ്രതിരോധിക്കുന്നതില്‍ ഗംഭീറിന് പിഴക്കുകയായിരുന്നു. ക്ലിയര്‍ എല്‍ബി വിക്കറ്റ്. രണ്ടാം ഇന്നിങ്‌സില്‍ ശക്തമായി തിരിച്ചുവരാനാവുമെന്ന് ആശംസിച്ചാണ് നെറ്റ്‌ലോകം ഗംഭീറിനെ യാത്രയാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന ടീമിലേക്ക് ഗംഭീറിനെ പരിഗണിച്ചിട്ടില്ല.