X

ഗെയില്‍: പൊലീസ് വേട്ട തുടരുന്നു; 33 പേര്‍ റിമാന്റില്‍, വീടുകളിലും അതിക്രമം

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ്പ് ലൈന്‍ വിരുദ്ധ സമരത്തെ മുക്കം എരഞ്ഞിമാവില്‍ അടിച്ചമര്‍ത്തിയ പൊലീസ് തുടര്‍ച്ചയായ രണ്ടാം ദിനവും പൊലീസ് വേട്ട തുടര്‍ന്നു. വീടുകളിലെത്തി സ്ത്രീകളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയ പൊലീസ് നിരപരാധികളെ മര്‍ദ്ദിച്ചതായും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി കോഴിക്കോട്ട് 21ഉം മഞ്ചേരിയില്‍ 12ഉം ഉള്‍പ്പെടെ 33 പേരെയാണ് റിമാന്റ് ചെയ്തത്.  ഇന്ന്
പതിനൊന്നു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കാവലില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവൃത്തി പുനഃരാരംഭിച്ചു. ഒരു വിഭാഗം സമരക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞതിന്റെ പേരില്‍ കണ്ണില്‍ കണ്ടവരെയെല്ലാം അടിച്ചോടിക്കുകയായിരുന്നു. നിരവധി വാഹനങ്ങളും പോലീസ് തകര്‍ത്തു.  രാവിലെ എട്ടു മണി മുതല്‍ തന്നെ സമരക്കാര്‍ കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ കറുത്തപറമ്പ് മുതല്‍ വാലില്ലാപുഴ വരെയുള്ള എട്ടു കിലോമീറ്റര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളില്‍ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ടും മരങ്ങള്‍ കൂട്ടിയിട്ടും കത്തിച്ച് ഗതാഗത തടസ്സം സൃഷ്ടിച്ചു.

10 മണിയോടെ സ്ഥലത്തെത്തിയ പൊലീസ് തടസ്സം നീക്കിയെങ്കിലും വൈകാതെ സമരക്കാര്‍ വീണ്ടും ഗതാഗത തടസ്സം സൃഷ്ടിച്ചു. അതിനിടെ വലിയപറമ്പില്‍ പൊലീസും സമരക്കാരും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടി. പോലീസ് കണ്ണില്‍ കണ്ടവര്‍ക്ക് നേരെയെല്ലാം ആക്രമണം അഴിച്ചുവിട്ടു. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്ത നിരവധി ചെറുപ്പക്കാര്‍ക്ക് പൊലീസ് മര്‍ദ്ദനമേറ്റു. കേസ്സ് ഭയന്ന് ഇതിലേറെ പേരും ചികിത്സ പോലും തേടിയില്ല.

കണ്ണില്‍ കണ്ടവരെ മാത്രമല്ല വീടുകളിലും വാടക കെട്ടിടങ്ങളിലുമെല്ലാം അതിക്രമിച്ചു കയറിയും നൂറുകണക്കിനാളുകളെ ബലമായി പിടിച്ചു കൊണ്ടുപോയി. സ്ത്രീകളും കുട്ടികളും വാതിലടച്ച് പുറത്തിറങ്ങാന്‍ ധൈര്യപ്പെടാതെ അകത്തളങ്ങളില്‍ കഴിയുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. വീട്ടുകാര്‍ മക്കളെ പുറത്ത് വിടാന്‍ ധൈര്യപ്പെടുന്നില്ല. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയവരും മുടി മുറിക്കാന്‍ പോയവരും ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നവരുമെല്ലാം പൊലീസ് പിടിയിലായവരിലുണ്ട്.

പരീക്ഷക്ക് സലാമിന്റെ നബീല്‍ ഉള്‍പ്പെടെ നിരപരാധികളായ പലരെയും പൊലീസ് പിടിച്ചുകൊണ്ടുപോയതായി നാട്ടുകാര്‍ പരാതിപ്പെടുന്നു. സമരക്കാര്‍ ഓടിക്കയറിയതായി ആരോപിച്ച് ആദം പടി യു.എ മുനീറിന്റെ വീട്ടിലാണ് പോലീസ് അതിക്രമിച്ച് കയറി, അകത്ത് നിന്ന് കുറ്റിയിട്ട വാതില്‍ ചവിട്ടിപൊളിക്കാന്‍ പൊലീസ് ശ്രമിച്ചു. മുനീറിന്റെ സഹോദരന്റെ മകന്‍ വിദ്യാര്‍ത്ഥിയായ നബീലിനെ പിടിച്ച് കൊണ്ട് പോവുകയും ജനല്‍ചില്ലുകള്‍ ലാത്തി കൊണ്ടടിച്ച് തകര്‍ക്കുകയും ചെയ്തു. ഈ സമയം തന്റെ മകനാണെന്ന് പറഞ്ഞ് പിതാവ് സലാം പോലീസിനോട് പറഞ്ഞിട്ടും മകനെ വിട്ടു നല്‍കാന്‍ തയ്യാറായില്ല. പൊലീസ് അതിക്രമത്തില്‍ ഭയന്ന് വിറച്ചതായി മുനീറിന്റെ ഭാര്യ പറഞ്ഞു.

നെല്ലിക്കാപറമ്പിലും വലിയപറമ്പിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും പൊലീസ് വീട്ടില്‍ കയറിയതായി പരാതിയുണ്ട്. പലര്‍ക്കെതിരെയും വൈകാരികമായാണ് പൊലീസ് പെരുമാറിയത്. ഒരു മാസത്തിലധികമായി നടന്നു വരുന്ന ഗെയില്‍ വിരുദ്ധ സമരങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ വാതക പൈപ്പ് ലൈന്‍ പ്രവൃത്തികളാണ് ജനകീയ ഹര്‍ത്താല്‍ ദിനത്തില്‍ തന്നെ പുനരാരംഭിച്ചത് പ്രകോപനപമാണെന്നാണ് ആക്ഷന്‍ കമ്മിറ്റി ആരോപണം. പന്നിക്കോട് പൂവാട്ട് ഭാഗത്താണ് വന്‍ പൊലീസ് സാന്നിധ്യത്തില്‍ ഇന്നലെ പ്രവൃത്തി നടക്കുന്നത്.
അതിനിടെ, പ്രതിഷേധം കത്തുന്നതിനിടെ ആവശ്യമായ രേഖകള്‍ ഹാജരാക്കിയാല്‍ 15 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ച ചെക്ക് നല്‍കുമെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ആധാരത്തിന്റെ കോപ്പി, നികുതി ചീട്ടിന്റെ കോപ്പി, തിരിച്ചറിയല്‍ രേഖയുടെ കോപ്പി, കൈവശ സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍ എന്നിവയാണ് ഹാജരാകേണ്ടത്. ഭൂമിയുടെ ആധാര വിലയുടെ 50 ശതമാനമാണ് നഷ്ടപരിഹാരമായി നല്‍കുക. പക്ഷെ, ഇപ്പോഴുള്ളത് 2014ലെ ഫെയര്‍ വാല്യു ആണ്.

ഭൂമി വില സംബന്ധിച്ച് വാല്യു പുനര്‍ ക്രമീകരിക്കുന്നതിന് കലക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടിയൊന്നു മുണ്ടായിട്ടില്ലെന്ന് ഗെയില്‍ അധികൃതരും പറയുന്നു. പൊലീസ് നടപടിയിലും അതിക്രമത്തിലും പ്രതിഷേധിച്ച് ഗെയില്‍ വിക്ടിംസ് ഫോറവും യു.ഡി.എഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാട് ഒന്നാകെ ഏറ്റെടുത്തതോടെ പരിപൂര്‍ണ്ണമായി.

കുഞ്ഞാലിക്കുട്ടിയും സുധീരനും നാളെ എരഞ്ഞിമാവിലെത്തും

കോഴിക്കോട്: മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും ഇന്ന് ഗെയില്‍ വിരുദ്ധ സമരത്തിന്റെ കേന്ദ്രഭൂമിയായ എരഞ്ഞിമാവിലെത്തും. രാവിലെ 10.30ന് എത്തുന്ന നേതാക്കള്‍ ഗെയില്‍ ഇരകളെയും പൊലീസ് അതിക്രമത്തിന് ഇരയായവരെയും സന്ദര്‍ശിക്കും.

chandrika: