X

ഗെയില്‍: സമവായമില്ലാതെ സര്‍വകക്ഷി യോഗങ്ങള്‍

 

ഗെയില്‍ പദ്ധതിയില്‍ ജനത്തിന്റെ ആശങ്കയും പൊലീസ് അതിക്രമവും ശരിവെച്ച് കോഴിക്കോടും മലപ്പുറത്തും ചേര്‍ന്ന സര്‍വകക്ഷിയോഗങ്ങള്‍. മുമ്പ് ഗെയില്‍ തള്ളിയ കലക്ടറുടെ പാക്കേജ് അംഗീകരിക്കാനും നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുന്നതിന് ശിപാര്‍ശ ചെയ്യാനും വ്യവസായ മന്ത്രി കോഴിക്കോട് കലക്ട്രേറ്റില്‍ വിളിച്ച യോഗത്തില്‍ ധാരണയായി. എന്നാല്‍, ജനവാസ മേഖലയെ ഒഴിവാക്കിയുള്ള അലൈമെന്റ് നടപ്പാക്കണമെന്ന യു.ഡി.എഫിന്റെയും സമര സമിതിയുടെയും ആവശ്യങ്ങള്‍ തള്ളിയതോടെ യോഗം ഫലത്തില്‍ പ്രഹസനമായി.
വാതക പൈപ്പ് ലൈന്‍ പദ്ധതി നടപ്പാക്കുന്നതിന് ഭരണ-പ്രതിപക്ഷ കക്ഷികളും ജനപ്രതിനിധികളും സമരസമിതിയും ഒറ്റക്കെട്ടായ പിന്തുണ പ്രഖ്യാപിച്ചതായി യോഗ ശേഷം മന്ത്രി പറഞ്ഞു. അലൈന്‍മെന്റ് മാറ്റണമെന്ന നിര്‍ദേശം ഉയര്‍ന്നെങ്കിലും മുമ്പ് പരിശോധിച്ച് തള്ളിയതായതിനാല്‍ അംഗീകരിക്കില്ലെന്ന് ഗെയില്‍ നിലപാട് അറിയിച്ചു. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രശ്‌നമില്ലാതെ പൈപ്പിടല്‍ പൂര്‍ത്തിയാവുകയാണ്. മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ പദ്ധതി കടന്നു പോവുന്നത് പലരും ആശങ്കയോടെയാണ് കാണുന്നത്. അഞ്ചും പത്തും സെന്റുകളിലൂടെ പൈപ്പിടല്‍ നടന്നാല്‍ ഭൂമികൊണ്ട് പ്രയോജനമില്ലെന്ന വാദം ശരിയാണ്. അക്കാര്യം പരിശോധിക്കാനും പാക്കേജ് തയ്യാറാക്കാനും കലക്ടര്‍ യു.വി ജോസിനെ ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട് കലക്ടര്‍ ഇന്നു തന്നെ കാരശ്ശേരി പഞ്ചായത്തിലെത്തും. നഷ്ടപരിഹാരം കൊടുക്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കും. ഏറ്റെടുത്ത് ജോലി തുടങ്ങിയ ഭൂ ഉടമകള്‍ക്ക് രേഖകള്‍ കൈമാറിയാല്‍ ഒരാഴ്ചക്കകവും ഏറ്റെടുക്കാനുള്ളവര്‍ രേഖകള്‍ സമര്‍പ്പിച്ചാല്‍ മൂന്നാഴ്ചക്കകവും ആധാരവിലയുടെ 10% തുക ഉപയോഗ വിലയായി കൈമാറും. 10% എന്നത് 30% ആക്കാന്‍ മുന്‍ സര്‍ക്കാറിന്റെ കാലത്തു തന്നെ 30% ആക്കാന്‍ ധാരണയായിരുന്നു. ഇത് 50% ആക്കാന്‍ ഗെയിലിനോട് ആവശ്യപ്പെടും – മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതിനിടെ, പൊലീസ് ക്രൂരമായിട്ടാണ് പെരുമാറുന്നതെന്നും ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്നും മലപ്പുറത്തെ യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ പി ഉബൈദുല്ല, പി.കെ ബഷീര്‍, എം.ഉമ്മര്‍, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവരും മുനിസിപ്പല്‍ പഞ്ചായത്ത് പ്രസിഡന്റുമാരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

chandrika: