മലപ്പുറം: ജനങ്ങളുടെ ആശങ്ക ബാക്കിവെച്ച് ജനവാസ കേന്ദ്രങ്ങളുടെ നെഞ്ച് പിളര്‍ത്തി കടന്നു പോകുന്ന ഗെയില്‍ പദ്ധതിക്കെതിരെ ജില്ലയില്‍ സമരം ശക്തമാകുന്നു. പദ്ധതിക്കെതിരെ സമരം ചെയ്തവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് ജനകീയ സമര സമിതി ഇന്നലെ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ മലപ്പുറം സ്തംഭിച്ചു. നിര്‍ദിഷ്ട ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത പ്രദേശ വാസികളെ മാറാക്കരയിലും എരഞ്ഞിമാവിലും കഴിഞ്ഞ ദിവസം പൊലീസ് ക്രൂരമായി മര്‍ദിച്ചിരുന്നു. ഇതിനെതിരെയുയര്‍ന്ന പ്രതിഷേധ ജ്വാലയാണ് ഒരു മണിക്കൂറോളം നഗരത്തെ നിശ്ചലമാക്കിയത്.
രാവിലെ 10.30 ഓടെ കിഴക്കേതല സുന്നി മഹല്‍ പരിസരത്തു നിന്നാണ് നേതാക്കളുടെ നേതൃത്വത്തില്‍ മാര്‍ച്ച് ആരംഭിച്ചത്. ആയിരങ്ങള്‍ പങ്കെടുത്ത മാര്‍ച്ച് സിവില്‍ സ്‌റ്റേഷന്‍ പരിസരത്ത് മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പൊലീസ് തടഞ്ഞു. കലക്ടറേറ്റിലേക്കല്ലെന്നും കുന്നുമ്മല്‍ ജങ്ഷന്‍ ഉപരോധിക്കാനാണ് തീരുമാനമെന്നും പൊലീസിനെ അറിയിച്ചെങ്കിലും സമരക്കാരെ കടത്തി വിട്ടില്ല. നേതാക്കളുമായുള്ള ചര്‍ച്ചക്കൊടുവില്‍ സമരക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ റോഡ് വഴി കുന്നുമ്മലില്‍ കോഴിക്കോട്, തിരൂര്‍ റോഡുകള്‍ ഉപരോധിക്കുകയായിരുന്നു. ഇതോടെ കലക്ടറേറ്റ് പരിസരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് കെ.എസ്.ആര്‍.ടി. സി പരിസരത്തെത്തി. സമരക്കാരും പൊലീസും റോഡില്‍ നിറഞ്ഞതോടെ ഗതാഗതം സ്തംഭിച്ചു. ഇതോടെ വാഹനങ്ങള്‍ മഞ്ചേരി റോഡ് വഴിയും കലക്ടറേറ്റിന് സമീപത്തെ താമരക്കുഴി റോഡ് വഴിയും തിരിച്ചുവിട്ടു.
12.30 നാണ് സമരം അവസാനിപ്പിച്ചത്. പ്രതിഷേധ സമ്മേളനം പി. ഉബൈദുല്ല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സമര സമതി കണ്‍വീനര്‍ പി.എ സലാം അധ്യക്ഷനായി. കെ.പി.സി.സി അംഗം എം വിജയകുമാര്‍, കെ.ടി അഷ്‌റഫ് (യൂത്ത്‌ലീഗ്), മുസ്തഫ മാസ്റ്റര്‍ (എസ്.ഡി.പി.ഐ), അഷ്‌റഫ് പുല്‍പ്പറ്റ (പി.ഡി.പി), ശിഹാബ് പുല്‍പറ്റ (ഡി.വൈ.എഫ്.ഐ), എം.ഐ റഷീദ് (വെല്‍ഫെയര്‍ പാര്‍ട്ടി), പി.കെ ബാവ, മന്‍സൂര്‍ പള്ളിമുക്ക് പ്രസംഗിച്ചു.
വി. മുസ്തഫ, സി.പി ഷാജി, കെ.എന്‍ ഹമീദ് മാസ്റ്റര്‍, അഷ്‌റഫ് പറച്ചോടന്‍, ഷൗക്കത്ത് കാവനൂര്‍, അഡ്വ. സാദിഖ് നടുത്തൊടി, മുനീബ് കരക്കുന്ന്, കെ. സലീന, വി.പി സുമയ്യ, സി.ടി നൗഷാദ്, ഉസ്മാന്‍ പൂക്കോട്ടൂര്‍ നേതൃത്വം നല്‍കി.