X

സര്‍ക്കാര്‍ തീരുമാനങ്ങള്‍ തള്ളി; ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി

കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം തുടരുമെന്ന് സമര സമിതി. ഭൂമിക്ക് വിപണിവിലയുടെ നാലിരട്ടി ലഭ്യമാക്കണമെന്നും ജനവാസ മേഖലകളിലൂടെയുള്ള വാതക പൈപ്പ് ലൈനിന്റെ അലൈന്‍മെന്റ് മാറ്റണമെന്നുമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തിനിടെ അറസ്റ്റുചെയ്ത് ജയിലിലടച്ചവരെ വിട്ടയക്കണമെന്ന ആവശ്യവും സമര സമിതി മുന്നോട്ടുവച്ചിട്ടുണ്ട്. സഹനസമരം തുടരാനാണ് തീരുമാനം. ഏഴ് ജില്ലകളില്‍ നിന്നുള്ള സമരസമിതി നേതാക്കളെ ഉള്‍പ്പെടുത്തി ഈമാസം 18 ന് മുക്കത്ത് യോഗം ചേരാനും സമര സമിതി തീരുമാനമെടുത്തിട്ടുണ്ട്.

അതേ സമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ സമര സമിതി തള്ളി. ഗെയില്‍ പദ്ധതിക്കുവേണ്ടി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള നഷ്ടപരിഹാരം ഇരട്ടിയാക്കാനുള്ള തീരുമാനം അടക്കമുള്ളവയാണ് സമര സമിതി തള്ളിയത്.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലുണ്ടായ തീരുമാനങ്ങള്‍ ഭാഗികമായി സ്വാഗതം ചെയ്യുന്നുവെന്ന് സമര സമിതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍, സമരം തുടരാനാണ് ഞായറാഴ്ച ചേര്‍ന്ന യോഗത്തില്‍ തീരുമാനമുണ്ടായത്. പുതുക്കിയ ന്യായവിലയുടെ പത്ത് മടങ്ങായി വിപണിവില നിജപ്പെടുത്തി നഷ്ടപരിഹാരം നിശ്ചയിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം എടുത്തിരുന്നു. പത്തുസെന്റോ അതില്‍ താഴെയോ മാത്രം ഭൂമിയുള്ളവര്‍ക്ക് ആശ്വാസധനമായി അഞ്ച് ലക്ഷംരൂപ നല്‍കാനും തീരുമാനമായിരുന്നു.

chandrika: