കോഴിക്കോട്: ‘ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദ സംഘങ്ങളാണ്’ ഗെയില്‍ ഇരകളുടെ സമരത്തിന് മുമ്പിലെന്ന സി.പി.എം വാദം അപ്രസക്തമാക്കി സര്‍വ്വ കക്ഷിയോഗം. സമരസമിതിക്കായി സര്‍വ്വ കക്ഷിയോഗത്തില്‍ പങ്കെടുത്തത് കണ്‍വീനര്‍ അബ്ദുല്‍കരീം പഴങ്കലും വൈസ് ചെയര്‍മാന്‍ ജി അബ്ദുല്‍ അക്ബറുമായിരുന്നു. അബ്ദുല്‍ അക്ബര്‍ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ സി.പി.എം അംഗമാണ്. യു.ഡി. എഫ് ബഹിഷ്‌കരണ ഭീഷണിയെ തുടര്‍ന്നാണ് ഒടുവില്‍ യോഗത്തിലേക്ക് എരഞ്ഞിമാവ് ഗെയില്‍ സമരസമിതിയുടെ രണ്ടു പേരെ ജില്ലാ കലക്ടര്‍ നേരിട്ട് വിളിച്ചത്. ചെയര്‍മാന്‍ ഗഫൂര്‍ കുറുമാടന്‍ മലപ്പുറം കുഴിമണ്ണക്കാരനായതിനാല്‍ വൈസ് ചെയര്‍മാനായ സി.പി. എം അംഗത്തെ ജില്ലാ ഭരണകൂടം തന്നെ ക്ഷണിക്കുകയായിരുന്നു. ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ പോവുന്നത് അംഗീകരിക്കില്ലെന്ന് സമരസമിതി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭിന്നിപ്പുണ്ടാക്കി ലക്ഷ്യം നേടാനുള്ള ശ്രമം വിഫലമായി. സമരസമിതി മുന്നോട്ടു വെച്ച ഏക ആവശ്യം ജനവാസ കേന്ദ്രം ഒഴിവാക്കിയുള്ള പുതിയ അലൈന്‍മെന്റ് എന്നതു മാത്രമാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടില്‍ ഗെയിലും അതിനെ പിന്താങ്ങി വ്യവസായ മന്ത്രിയും ഉറച്ചു നിന്നു. ജനകീയ സമരത്തിന് യു.ഡി.എഫ് പിന്തുണയുണ്ടാവുമെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ വ്യക്തമാക്കിയതോടെ സര്‍വ്വ കക്ഷിയോഗത്തിന് പൊതു പ്രഖ്യാപനത്തിന് കഴിഞ്ഞില്ല. മന്ത്രിയും യു.ഡി.എഫും സമരസമിതിയും വെവ്വേറെ വാര്‍ത്താ സമ്മേളനങ്ങളാണ് നടത്തിയത്.