ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് അയക്കാനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന പരീക്ഷണങ്ങളിലൊന്ന് ഒക്ടോബര്‍ ആദ്യം നടത്തുമെന്ന് പ്രൊജക്ട് ഡയറക്ടര്‍ ആര്‍ ഹുട്ടണ്‍ പറഞ്ഞു. നിലവില്‍ നാല് ബഹിരാകാശ സഞ്ചാരികള്‍ക്ക് ഇസ്രോ പരിശീലനം നല്‍കുന്നുണ്ട്. ഭാവി ദൗത്യങ്ങള്‍ക്കായി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുമെന്നും ഹുട്ടണ്‍ പറഞ്ഞു.
ഒരു ബഹിരാകാശ പേടകത്തില്‍ നാല് ബഹിരാകാശ സഞ്ചാരികളെ ഭൂമിയില്‍ നിന്ന് 400 കിമീ ഉയരത്തിലുള്ള ഭ്രമണ പഥത്തില്‍ എത്തിക്കാനാണ് ആദ്യ ഗഗന്‍യാന്‍ ദൗത്യത്തിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്. മൂന്ന് ദിവസമാണ് ഈ സഞ്ചാരികള്‍ ബഹിരാകാശത്ത് കഴിയുക. ശേഷം പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കും. 2024 ല്‍ ശ്രീഹരിക്കോട്ടയില്‍ നിന്ന് ആദ്യ ഗഗന്‍യാന്‍ ദൗത്യ വിക്ഷേപണം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.