X
    Categories: CultureNewsViews

മോദിക്കെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം; പ്രധാനമന്ത്രി സ്ഥാനത്തേക്ക് പുതിയ പേരുയരുന്നു

ന്യൂഡല്‍ഹി: നരേന്ദ്രമോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ സര്‍വാധിപത്യത്തിനെതിരെ നിതിന്‍ ഗഡ്കരിയുടെ നേതൃത്വത്തില്‍ പടയൊരുക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. അടുത്തിടെ ഗഡ്കരി നടത്തിയ ചില പരസ്യ പ്രസ്താവനകള്‍ ഇതിന്റെ സൂചനകളാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. മോദിയേയും അമിത് ഷായേയും ലക്ഷ്യം വെച്ചാണ് ഗ്ഡകരിയുടെ പ്രസ്താവനകള്‍. പൊള്ളയായ വാഗ്ദാനം നല്‍കരുത് ജനം പ്രഹരിക്കും. അവസാനം ഗഡ്കരി നടത്തിയ പ്രസ്താവന ഇതായിരുന്നു. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് മോദി അധികാരത്തിലെത്തിയതെന്ന വിമര്‍ശകരുടെ നിലപാട് തന്നെയാണ് പരോക്ഷമായി ഗഡ്കരി ആവര്‍ത്തിച്ചത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി പരാജയപ്പെട്ടതിന് പിന്നാലെയാണ് ഗഡ്കരി മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ഒളിയമ്പുകളെയ്യാന്‍ തുടങ്ങിയത്. ജയിക്കുമ്പോള്‍ മാത്രമല്ല തോല്‍വിയുടെ ഉത്തരവാദിത്തവും നേതൃത്വം ഏറ്റെടുക്കണമെന്നായിരുന്നു അന്ന് ഗഡ്കരി പറഞ്ഞത്. വിവാദമായതോടെ വാക്കുകള്‍ വളച്ചൊടിക്കുകയാണ് എന്ന് പറഞ്ഞ് ഗഡ്കരി രക്ഷപ്പെടുകയായിരുന്നു.

മോദി-അമിത് ഷാ കൂട്ടുകെട്ട് ചോദ്യം ചെയ്യപ്പെടാത്ത അധികാര കേന്ദ്രമായി വളരുന്നതില്‍ ബി.ജെ.പിയിലും ആര്‍.എസ്.എസിലും അതൃപ്തരുണ്ട്. ആര്‍.എസ്.എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളില്‍ മോദി വിരുദ്ധരുടെ എണ്ണം കൂടി വരികയാണ്. ഒരുകാലത്ത് മോദിയുടെ വിശ്വസ്തനായിരുന്ന പ്രവീണ്‍ തൊഗാഡിയയാണ് ഇതില്‍ പ്രധാനി. ബി.ജെ.പി-ആര്‍.എസ്.എസ് നേതൃനിരയിലെ അസംതൃപ്തരുടെ നേതൃത്വത്തിലാണ് ഗഡ്കരിയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ആര്‍.എസ്.എസ് നേതൃത്വത്തിനും പ്രിയങ്കരനായ വ്യക്തിയാണ് ഗഡ്കരിയെന്നതും അദ്ദേഹത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: