യജമാനനോട് നിര്‍ലോഭമായ സ്‌നേഹം പ്രകടിപ്പിക്കുന്നവരാണ് വളര്‍ത്തു മൃഗങ്ങള്‍. നല്‍കുന്ന ഭക്ഷണങ്ങള്‍ക്കും പരിചരണങ്ങള്‍ക്കും അവര്‍ അകമഴിഞ്ഞ് നന്ദി പ്രകടിപ്പിക്കുകയും ചെയ്യും. എന്നാല്‍ യു.എസിലെ സിയാറ്റിനിലുള്ള ഗാബി മന്‍ എന്ന പെണ്‍കുട്ടിക്ക് സ്‌നേഹം മാത്രമല്ല ലഭിക്കുന്നത്, പകരം കൈ നിറയെ സമ്മാനങ്ങളും ലഭിക്കും. കാക്കകളാണ് ഗാബിക്കു സമ്മാനങ്ങളുമായി എത്തുന്നത്.
നടക്കാന്‍ പഠിച്ചപ്പോള്‍ തൊട്ട് ഭക്ഷണം വാരി വിതറുന്ന സ്വഭാവം ഗാബിക്കുണ്ടായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ ഗാബിയെ കൊണ്ടു തന്നെ വൃത്തിയാക്കിച്ച് ആ ഭക്ഷണങ്ങള്‍ പക്ഷികള്‍ക്കു തീറ്റയായി നല്‍കാന്‍ നിര്‍ദേശിച്ചു. ഗാബി നല്‍കുന്ന ഭക്ഷണങ്ങള്‍ അകത്താക്കാന്‍ ആദ്യമെത്തിയത് കാക്കകളായിരുന്നു.
ഗാബി നിത്യവും ഭക്ഷണം നല്‍കാന്‍ തുടങ്ങിയതോടെ കാക്കകളും കുഞ്ഞു കുഞ്ഞു സമ്മാനങ്ങള്‍ ഗാബിക്കായി കരുതി വെച്ചു. കാക്കകള്‍ നല്‍കിയ സമ്മാനങ്ങളുടെ വലിയ ശേഖരം തന്നെ കുഞ്ഞു ഗാബിയുടെ കൈവശമുണ്ട് ഇപ്പോള്‍.
സമ്മാനങ്ങള്‍ മാത്രമല്ല, ഗാബി എവിടെ പോയാലും കാക്കകള്‍ അവളെ പിന്തുടരും. സ്‌കൂളില്‍ പോലും എപ്പോഴും ഗാബിയെ നിരീക്ഷിച്ച് കാക്ക സദാ ചുറ്റുമുണ്ടാകും. മറ്റു കുട്ടികളും കൗതുകത്തോടൊപ്പം ഗാബിക്കൊപ്പം കൂടെകൂടിയത്തോടെ ഭക്ഷണം നല്‍കലിന് പ്രത്യേക സ്ഥലം കണ്ടുപിടിക്കേണ്ടി വന്നു. ഇത് പതിവായതോടെയാണ് തിളക്കമേറിയതോ കാണാന്‍ ഭംഗിയുള്ളതോ ആയ വസ്തുക്കള്‍ കാക്കകള്‍ കൊണ്ടുവരാന്‍ തുടങ്ങിയത്.
ഗാബി ഭക്ഷണം നല്‍കുന്ന സ്ഥലത്തു കാക്കകള്‍ കൊണ്ടുവരുന്ന സമ്മാനങ്ങള്‍ വെക്കും. സംഭവം ആവര്‍ത്തിച്ചതോടെ കുഞ്ഞു ഗാബി കാക്കകള്‍ കൊണ്ടുവരുന്ന വസ്തുക്കള്‍ ശേഖരിച്ചു വെക്കുകയായിരുന്നു. പല പെട്ടികളിലായി വിവിധ കള്ളികള്‍ തിരിച്ച് ലഭിച്ച തിയതി എഴുതിയാണ് ഗാബി സമ്മാനങ്ങള്‍ സൂക്ഷിക്കുന്നത്.
കാക്കകള്‍ അതീവ ബുദ്ധിയുള്ള ജീവികളാണെന്നും സ്ഥിരമായി ഭക്ഷണം നല്‍കുന്ന ആളുകള്‍ക്ക് ഇവ എന്തെങ്കിലുമൊക്കെ തിരികെ നല്‍കാറുണ്ടെന്നുമാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ വന്യജീവി വിദഗ്ധനായ ജോണ്‍ മസ്‌റഫ് പറയുന്നത്.