ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിക്ക് ഡൽഹി പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് തുടക്കമാകും .ഉച്ചകോടിക്കായി വിവിധ രാഷ്‌ട്ര തലവന്മാരും നയതന്ത്ര പ്രതിനിധികളും ഡൽഹിയി ലെത്തി. ജി20 അംഗരാജ്യങ്ങളും യുറോപ്പ്യൻ യൂണിയനിലെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും. കൂടാതെ ക്ഷണിക്കപ്പെട്ട അതിഥി രാജ്യങ്ങളിലെയും 30-ലധികം രാഷ്‌ട്രത്തലവന്മാരും ഉന്നത ഉദ്യോഗസ്ഥരും 14 അന്താരാഷ്‌ട്ര സംഘടനാ മേധാവികളും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.രാവിലെ 10 : 30ന് ആരംഭിക്കുന്ന ഉച്ചകോടിയിൽ വസുധൈവ കുടുംബകം എന്ന ആശയത്തിൽ ഒരുഭൂമി ഒരു കുടുംബം ഒരു ഭാവി എന്നി വിഷയങ്ങളുടെ ഭാഗമായി ആഗാള സാമ്പത്തികാവസ്ഥ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് ആഘാതം, ഭക്ഷ്യവിതരണശൃംഖല തുടങ്ങിയവ ചര്‍ച്ച ചെയ്യും.
അതേസമയം ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.കേന്ദ്രസർക്കാർ. സർക്കാർ–- സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ, മാളുകൾ, മാർക്കറ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കടകൾ എല്ലാം അടച്ചിട്ടുണ്ട്.ഔദ്യോഗിക വാഹനങ്ങൾക്കും മറ്റ് അവശ്യസർവീസുകൾക്കും മാത്രമാണ് നഗരത്തിലേക്ക് പ്രവേശനം.വഴിയരികിൽ താമസിച്ചിരുന്നവരെയും ഭിക്ഷ തേടുന്നവരെയും നഗരഹൃദയത്തിൽനിന്ന് മാറ്റി. ചേരികൾ പൂർണമായും വലിയ ഷീറ്റുകൊണ്ട് മറച്ച നിലയിലാണ്. പ്രധാന വേദിയായ പ്രഗതി മൈതാനത്തിനു സമീപമുള്ള ചേരികളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു.