ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലഘുലേഖകള്‍ പുറത്തിറക്കി. ബിസി 6000 മുതലുള്ള രാജ്യത്തിന്റെ ‘ചരിത്രം’ ഉള്‍പ്പെടുത്തിയാണ് ബുക്ക്‌ലെറ്റ് പുറത്തിറക്കിയത്. ഭാരതം, ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ എന്നീ തലക്കെട്ടുകളോടെയാണ് ലഘുലേഖകള്‍ പുറത്തിറക്കിയത്. ഇതിന്റെ സോഫ്റ്റ് കോപ്പി ജി20യുടെ ഓഫീഷ്യല്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
40 പേജുകളുള്ള ബുക്ക്‌ലെറ്റില്‍ രാമായണം, മഹാഭാരതം, ഛത്രപതി ശിവജി, അക്ബര്‍, പൊതുതിരഞ്ഞെടുപ്പിലൂടെ ഇന്ത്യയുടെ അധികാര പരിവര്‍ത്തനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിശിഷ്ട അതിഥികള്‍ക്ക് ഇവ നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. 26 പേജുള്ള ആദ്യ ബുക്ക്‌ലെറ്റില്‍ ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവായാണ് ചിത്രീകരിക്കുന്നത്. ഋഗ്വേദത്തില്‍ നിന്നുള്ള ശ്ലോകത്തോടെയാണ് ബുക്കലറ്റ് ആരംഭിക്കുന്നത്. 5000 വര്‍ഷം പഴക്കമുള്ള നൃത്തം ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ വെങ്കല പ്രതിമയുടെ ചിത്രവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും കാലത്തെ ജനാധിപത്യ വ്യവസ്ഥിതിയെക്കുറിച്ചും ബുക്ക്‌ലറ്റില്‍ പറയുന്നുണ്ട്.
ശ്രീരാമന്‍ ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട രാജാവാണെന്നാണ് ബുക്ക്‌ലറ്റിലെ പരാമര്‍ശം. മഹാഭാരതം നല്ല ഭരണത്തിന്റെ മാതൃകയാണെന്നും അവകാശപ്പെടുന്നു. രാമനെ രാജാവാക്കുന്നതിനു മുമ്പ് മന്ത്രിമാരോട് കൂടിയാലോചന നടത്തിയിരുന്നുവെന്നും ഇത് ജനാധിപത്യ രീതിയുടെ ഉത്തമ ഉദാഹരണമാണെന്നും മഹാഭാരതത്തില്‍ മരണാസന്നനായ പിതാമഹന്‍ ഭീഷ്മര്‍ രാജാവായ യുധിഷ്ടിരനോട് സദ്ഭരണത്തിന്റെ നിയമങ്ങള്‍ പറഞ്ഞു നല്‍കിയെന്നുമെല്ലാം ഇതി ല്‍ പറയുന്നു. അശോകന്‍, ചന്ദ്രഗുപ്ത മൗര്യ, കൃഷ്ണദേവരായര്‍, ശിവജി തുടങ്ങിയവരുള്‍പ്പെടെയുള്ള രാജാക്കന്മാരുടെ ഭരണകാലവും ബുദ്ധമതത്തിന്റെ ആവിര്‍ഭാവവും എങ്ങനെ ഇന്ത്യന്‍ ജനാധിപത്യം രൂപപ്പെടുത്തിയെന്നും വിവരിക്കുന്നുണ്ട്.
15 പേജുള്ള രണ്ടാമത്തെ ബുക്ക്‌ലറ്റില്‍ സ്വാതന്ത്ര്യാനന്തര ഭാരതം, ഇന്ത്യന്‍ ഭരണഘടന, ജനാധിപത്യ മാതൃക, ജനാധിപത്യ റിപ്പബ്ലിക്കിന്റെ രൂപരേഖ എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 1951 മുതല്‍ 2019 വരെ ഇന്ത്യയില്‍ നടന്ന തിരഞ്ഞെടുപ്പുകളുടെ ചരിത്രവും വിശദീകരിക്കുന്നു.