X
    Categories: Newsworld

ജി 20 ദ്വിദിന ഉച്ചകോടിക്ക് തുടക്കം; പ്രതിസന്ധികള്‍ മറികടക്കാനുള്ള തീരുമാനങ്ങള്‍ കാത്ത് ലോകം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് . കോവിഡിന്റെ പിടിയിലമര്‍ന്ന ലോകത്തിന്റെ അതിജീവനത്തിന് ഉതകുന്ന തീരുമാനങ്ങള്‍ക്ക് കാതോര്‍ത്ത് ജി 20 ദ്വിദിന ഉച്ചകോടിക്ക് തുടക്കമായി. സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലാണ് വിര്‍ച്വല്‍ ഉച്ചകോടി. സഊദിയുടെ തലസ്ഥാന നഗരിയില്‍ വിപുലമായി നടത്താനിരുന്ന ഉച്ചകോടി കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള നിയന്ത്രണം മൂലമാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്. കോവിഡ് മൂലം ഇപ്പോഴും വിവിധ ലോക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് 20 വന്‍ സാമ്പത്തിക ശക്തികളായ ആഗോള രാജ്യങ്ങളുടെ തലവന്മാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒത്തുചേരുന്നത്.

ഇതാദ്യമായാണ് കോവിഡിന് ശേഷം ലോകനേതാക്കളുടെ സംഗമം. ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുക്കും. ഉച്ചകോടി വിര്‍ച്വലായി നടക്കുന്നതിനാല്‍ ഇരുപത് രാജ്യങ്ങളുടെയും ഭരണ തലവന്മാര്‍ അണിനിരക്കുന്ന ഗ്രൂപ്പ് ഫോട്ടോ ഇന്നലെ രാത്രി പുറത്തിറക്കിയിരുന്നു . ജി 20 രാജ്യങ്ങളുടെ വിര്‍ച്വല്‍ ഉച്ചകോടിക്ക് വേദിയാകുന്ന ദരയ്യയിലെ സല്‍വ കൊട്ടാരത്തിലാണ് ലോകനേതാക്കളുടെ ഒന്നിച്ചുള്ള പടം പ്രദര്‍ശിപ്പിച്ചത്

കോവിഡ് ഉള്‍പ്പടെ ലോകം നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികള്‍ക്കുള്ള പരിഹാരങ്ങളും കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട രാജ്യങ്ങളെ കരകയറ്റാനുള്ള നടപടികളും ഉച്ചകോടിയില്‍ സുപ്രധാന വിഷയങ്ങളാണ്. ഉച്ചകോടിയുടെ മുന്നോടിയായി ജി 20 രാജ്യങ്ങളുടെ ധനകാര്യ മന്ത്രിമാരുടെ വിര്‍ച്വല്‍ യോഗം ഇന്നലെ ചേര്‍ന്നിരുന്നു. ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം വഹിക്കുന്ന ആദ്യ അറബ് രാജ്യമാണ് സഊദി . ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും ജി20 രാജ്യങ്ങളുടെ പങ്കാണ്.

ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുന്നത് അസാധാരണ സാഹചര്യത്തിലാണെന്ന് സഊദിവിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു. ജി20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ സഊദി സമഗ്ര പദ്ധതികള്‍ക്കാണ് രൂപം നല്‍കി വരുന്നത്. കൊറോണ മഹാമാരിയുടെ അനന്തര ഫലങ്ങളില്‍നിന്ന് മനുഷ്യ ജീവനും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കാനുള്ള ശാസ്ത്രീയമായ ചിന്തകള്‍ ഉച്ചകോടിയില്‍ ചരിത്ര തീരുമാനങ്ങളായി മാറും. കൊവിഡിനെ പ്രതിരോധിക്കാനുള്ള ആഗോള ശ്രമങ്ങള്‍ ഏകോപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ജി20 രാഷ്ട്ര നേതാക്കളുടെ ഉച്ചകോടി നേരത്തെ തന്നെ സഊദി വിളിച്ചുചേര്‍ത്തിരുന്നു. ഇതിന്റെ ഭാഗമായി പ്രാദേശികവും അന്തര്‍ദേശീയവുമായ ശ്രമങ്ങള്‍ക്ക് പിന്തുണയേകാന്‍ 50 കോടി ഡോളര്‍ സഊദി സംഭാവനയായി നല്‍കിയിരുന്നു. കോവിഡ് വ്യാപനം തടയാനും വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതിന് സൗഹൃദ രാജ്യങ്ങളുമായും ബന്ധപ്പെട്ട സംഘടനകളുമായും സഹകരിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വ്യക്തമാക്കി.

അതേസമയം സഊദിയിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള പ്രത്യക്ഷമായ മാറ്റങ്ങള്‍ കൈകൊണ്ടു. തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരികയും സ്ത്രീകളും യുവാക്കളുമടക്കമുള്ളവര്‍ക്ക് ജോലി ചെയ്യാനും രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാകാനും അവസരം നല്‍കി. വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി പൗരന്മാരെ ശാക്തീകരിക്കാനും രാജ്യത്തെ സംരക്ഷിക്കാനും വികസന മേഖലയില്‍ നവീനമായ പദ്ധതികള്‍ കണ്ടെത്താനും ശ്രമങ്ങള്‍ തുടങ്ങി. അതോടൊപ്പം ഗള്‍ഫ് അറബ് രാജ്യങ്ങളുടെ സ്ഥിരതയും സംരക്ഷണവും സമൃദ്ധിയും നിലനിര്‍ത്താനുള്ള നയപരമായ ഇടപെടലുകള്‍ക്കും സഊദി മുന്‍ഗണന നല്‍കിവരുന്നു.

 

Test User: