X

ജി20: പ്ലാസ്റ്റിക് ഷീറ്റുകള്‍കൊണ്ട് മറച്ച് ഡല്‍ഹിയിലെ ചേരികള്‍

ന്യൂഡല്‍ഹി: ജി 20 ഉച്ചകോടി തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ, ഡല്‍ഹിയില്‍ ചേരികള്‍ മറയ്ക്കാനുള്ള നെട്ടോട്ടത്തില്‍ ഭരണകൂടം. ലോക നേതാക്കളും പ്രതിനിധികളും കടന്നുപോകാന്‍ സാധ്യതയുള്ള മേഖലകളിലാണ് നെറ്റും കൂറ്റന്‍ ഫ്‌ളക്‌സുകളും ഉപയോഗിച്ച് ചേരികള്‍ക്ക് മറ സ്ഥാപിക്കുന്നത്.

2020ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ ഗുജറാത്തില്‍ മതില്‍ പണിത് ചേരി മറച്ചത് വലിയ വിവാദമായിരുന്നു. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് ഡല്‍ഹിയിലെയും നീക്കം. ജി20 ഉച്ചകോടിക്കായി മാസങ്ങള്‍ക്കു മുമ്പു തന്നെ ഡല്‍ഹി നഗരത്തില്‍ സൗന്ദര്യവല്‍ക്കരണം ആരംഭിച്ചിരുന്നു. എന്നാല്‍ ഇതിനു ശേഷവും പാതയോരങ്ങളിലെ ചേരികള്‍ അതേ പടി തുടരുന്നതാണ് അധികൃതര്‍ക്ക് നാണക്കേട് തോന്നിച്ചത്. ഇതോടെ പച്ച നിറത്തിലുള്ള നെറ്റുകളും ജി 20 ഉച്ചകോടിക്കെത്തുന്ന രാഷ്ട്ര നേതാക്കളെ സ്വാഗതം ചെയ്തുകൊണ്ടുള്ള കൂറ്റന്‍ ഫ്‌ളക്‌സുകളും സ്ഥാപിച്ച് നാണം മറയ്ക്കാനുള്ള നെട്ടോട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.

പ്രധാനവേദിയായ പ്രഗതി മൈതാനിയിലെ ഭാരത മണ്ഡപത്തിന് സമീപത്തുണ്ടായിരുന്ന ചേരി നേരത്തെ തന്നെ ഒഴിപ്പിച്ചിരുന്നു. അന്‍പതോളം വീടുകളാണ് ഇതിനായി പൊളിച്ചു നീക്കിയത്. ഇതിനു പിന്നാലെയാണ് നഗരത്തിലെ പ്രധാന മേഖലയായ മുനീര്‍ക്കയിലെ ചേരികള്‍ തുണിയും നെറ്റും ഉപയോഗിച്ച് മറയ്ക്കുന്നത്. ചേരിയിലെ വീടുകള്‍ ഒരു തരത്തിലും പുറത്ത് കാണാത്ത രീതിയിലാണ് മറച്ചിരിക്കുന്നത്. വിമാനത്താവളത്തിന് സമീപത്തെ കോളനികളിലെ പുറത്ത് കാണുന്ന ഭാഗവും ഈ വിധം പരസ്യ ബോര്‍ഡുകള്‍ ഉപയോഗിച്ച് മറച്ചിട്ടുണ്ട്. 9 , 10 തിയ്യതികളിലാണ് ഡല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കുന്നത്.

webdesk11: