ഇന്തോനേഷ്യയിലെ ബാലിയില്‍ അവസാനിച്ച ജി20 ഉച്ചകോടി പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. ഉച്ചകോടി മുന്നോട്ടുവെച്ച നിര്‍ദേശങ്ങളോടൊപ്പം ഇന്തോനേഷ്യയില്‍നിന്ന് ഇന്ത്യ അധ്യക്ഷപദം ഏറ്റെടുത്തതും അന്താരാഷ്ട്ര വാര്‍ത്തകളില്‍ മുഖ്യ തലക്കെട്ടായി. 20 പ്രമുഖ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയെന്ന നിലയില്‍ രാജ്യത്തിന് ഊഴമനുസരിച്ച് കിട്ടിയ അധ്യക്ഷപദം പ്രക്ഷുബ്ധമായ ലോകാന്തരീക്ഷത്തില്‍ ക്രിയാത്മകമായി പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷ അന്താരാഷ്ട്ര സമൂഹത്തിനുണ്ട്. പതിറ്റാണ്ടുകളായി ആഗോള വിഷയങ്ങളില്‍ നിഷ്പക്ഷത പുലര്‍ത്തുകയും സമാധാന പ്രക്രിയകളില്‍ സജീവമായി ഇടപെടുകയും ചെയ്ത പാരമ്പര്യം ഇന്ത്യക്കുണ്ട്. ജി20യുടെ നേതൃസ്ഥാനം രാജ്യത്തിന്റെ കൈകളിലെത്തുമ്പോള്‍ ആഗോളവേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തുന്ന നീക്കങ്ങള്‍ ഉണ്ടാകണം. അക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ എത്രമാത്രം മുന്നോട്ടുപോകുന്നുവെന്ന് മാത്രമാണ് ഇനി കാണാനുള്ളത്. 2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപാധിയാക്കാതെ ആഗോള സമാധാനത്തിനുള്ള മുതല്‍ക്കൂട്ടായി ജി20 അധ്യക്ഷ സ്ഥാനത്തെ മാറ്റിയെടുക്കേണ്ടിയിരിക്കുന്നു. അക്കാര്യത്തില്‍ ആത്മാര്‍ത്ഥവും സത്യസന്ധവുമായ നീക്കങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
1999ലാണ് ജി20 കൂട്ടായ്മ ഉദയംചെയ്തത്. കിഴക്കനേഷ്യ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലായിരുന്നു. ആഗോള വരുമാനത്തിന്റെയും വ്യാപാരത്തിന്റെയും സിംഹഭാഗവും കയ്യാളുന്ന രാജ്യങ്ങളാണ് അതിലെ അംഗങ്ങള്‍. അതുകൊണ്ട്തന്നെ ഗ്രൂപ്പിന്റെ നിലപാടുകളും തീരുമാനങ്ങളും അന്താരാഷ്ട്രതലത്തില്‍ നിര്‍ണായകമാണ്. ആഗോള സമ്പദ്ഘടനയെ താളംതെറ്റിക്കാതെ മുന്നോട്ടുകൊണ്ടുപോകുകയാണ് രൂപീകൃത ലക്ഷ്യം. ഇടക്കാലത്ത് നിഷ്‌ക്രിയമായി കിടന്നിരുന്ന കൂട്ടായ്മ 2008ല്‍ ഉണര്‍ന്നപ്പോള്‍ ലോകം സാമ്പത്തിക മാന്ദ്യത്തെ അഭിമുഖീകരിക്കുകയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ രാഷ്ട്രത്തലവന്മാര്‍ നേരിട്ട് പങ്കെടുക്കുകയും നീറുന്ന വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര വേദിയായി ജി20 ശ്രദ്ധിക്കപ്പെട്ടു. ഓരോ വര്‍ഷവും അംഗങ്ങള്‍ രാജ്യങ്ങള്‍ അധ്യക്ഷപദം ഊഴംവെച്ച് ഏറ്റെടുക്കുകയും പതിവാണ്. കഴിഞ്ഞ തവണ ഇന്തോനേഷ്യയായിരുന്നെങ്കില്‍ ഡിസംബര്‍ ഒന്നുമുതല്‍ ഇന്ത്യയായിരിക്കും നായക സ്ഥാനത്ത്. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ലോകം ഇപ്പോള്‍ പ്രക്ഷുബ്ധമാണ്. യുക്രെയ്ന്‍ യുദ്ധം വിലക്കയറ്റത്തിന്റെയും മറ്റും രൂപത്തില്‍ ലോകത്തെ മുഴുവന്‍ അകത്തളങ്ങളിലും നുഴഞ്ഞ് എത്തിയിട്ടുണ്ട്. ജി20 അംഗങ്ങളായ അമേരിക്കയും ബ്രിട്ടനും ഉള്‍പ്പെടെ മുഴുവന്‍ രാജ്യങ്ങളും വിലക്കയറ്റത്തിന്റെ പിടിയിലാണ്. സാമ്പത്തിക പ്രതിസന്ധി ആഭ്യന്തര ക്രമസമാധാനത്തെ തകര്‍ക്കുകയും രാഷ്ട്രീയ അരക്ഷിതാവസ്ഥക്ക് കളമൊരുക്കുകയും ചെയ്യുന്ന രൂപത്തില്‍ വളര്‍ന്നു തുടങ്ങിയിട്ടുണ്ട്. റഷ്യ ഇപ്പോഴും യുക്രെയ്‌നില്‍ ആക്രമണം തുടരുകയാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ പിന്മാറ്റത്തിന്റെ സൂചന നല്‍കിയിട്ടില്ലെന്നിരിക്കെ യൂറോപ്പില്‍ ആണവഭീതിയും ഉരുണ്ടുകൂടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ ഏറെ സങ്കീര്‍ണവും സ്‌ഫോടനാത്മകവുമായ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യക്ക് വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്.
യുദ്ധത്തെ വിമര്‍ശിക്കുകയല്ലാതെ സമാധാന നീക്കങ്ങള്‍ക്ക് ഉത്തേജനം പകരുന്ന നടപടികളൊന്നും ബാലി ഉച്ചകോടിയില്‍ ഉണ്ടായില്ലെന്നത് ഏറെ ഖേദകരമാണ്. യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തെ അംഗരാജ്യങ്ങളില്‍ എല്ലാവരും അപലപിച്ചില്ലെന്ന് സമാപന ദിവസം പുറത്തുവിട്ട ഔദ്യോഗിക പ്രഖ്യാപനത്തില്‍ തന്നെ സമ്മതിക്കുന്നുണ്ട്. ആഗോള സമാധാനത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുമ്പോഴും ജി20 അംഗങ്ങളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ സ്വാധീനിക്കുന്നുണ്ടെന്നാണ് അതിലൂടെ വ്യക്തമാകുന്നത്. യുക്രെയ്‌നുമേല്‍ റഷ്യ അടിച്ചേല്‍പ്പിച്ച യുദ്ധത്തെ ഏക സ്വരത്തില്‍ അപലപിക്കാന്‍ ഉച്ചകോടിക്ക് സാധിച്ചില്ലെന്ന് മാത്രമല്ല, ലോക സമാധാനത്തിന് തുരങ്കംവെക്കുന്ന നീറുന്ന പല വിഷയങ്ങളും ചര്‍ച്ചക്ക് വന്നതുമില്ല. ഫലസ്തീനില്‍ ഇസ്രാഈല്‍ തുടരുന്ന നരമേധങ്ങള്‍ ഉച്ചകോടിയുടെ പരിഗണനക്ക് പോലും വരാതിരുന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
പതിറ്റാണ്ടുകളായി സ്വതന്ത്ര്യവും അസ്ഥിത്വവും നഷ്ടപ്പെട്ട്, ഇസ്രാഈലിന്റെ തോക്കിനുമുന്നില്‍ പിടഞ്ഞു മരിക്കുന്ന ഫലസ്തീന്‍ ജനതയുടെ സങ്കടം കേള്‍ക്കാന്‍ ജി20ക്ക് സാധിച്ചില്ലെന്നത് അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണ്. സമീപകാലത്ത് ഫലസ്തീന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തുണ്ടായ നയവ്യതിയാനങ്ങളും ഇസ്രാഈല്‍ അനുകൂല നീക്കങ്ങളും രാജ്യം നാളിതുവരെ കാത്തുസൂക്ഷിച്ച നിഷ്പക്ഷ നിലപാടുകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയിട്ടുണ്ട്. സ്വന്തം താല്‍പര്യ സംരക്ഷത്തിനുള്ള ഉപകരണങ്ങളായാണ് അമേരിക്കയും റഷ്യയും പാശ്ചാത്യ സമൂഹവും അന്താരാഷ്ട്ര കൂട്ടായ്മകളെ കാണുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി വിശാലമായ ലക്ഷ്യങ്ങളോടെയും എല്ലാവരെയും ഉള്‍ക്കൊണ്ടും ജി20യെ നയിക്കാന്‍ ഇന്ത്യക്ക് സാധിക്കണം. അക്കാര്യത്തില്‍ നമുക്ക് എത്രത്തോളം മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് അറിയാന്‍ ലോകത്തിന് ആഗ്രഹമുണ്ട്.