X

സി.പി.എമ്മിന്റെ ജീവകാരുണ്യ സംഘടനയിലും ജി.സുധാകരന് വെട്ട്

അമ്പലപ്പുഴ: നവീകരിച്ച ചേതന ലാബിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്ന് മുന്‍ മന്ത്രി ജി.സുധാകരനെ ഒഴിവാക്കിയത് പാര്‍ട്ടിക്കുള്ളില്‍ പുതിയ വിവാദത്തിന് തുടക്കമിട്ടു.മന്ത്രി മുഹമ്മദ് റിയാസാണ് ഇന്നലെ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സി.പി.എം ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചപ്പോഴാണ് രൂപീകരികരണകാലം മുതല്‍ ചേതനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്ന സുധാകരനെ ഒഴിവാക്കിയത്.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പാണ് ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരന്‍ ഒഴിഞ്ഞത്.

പകരം പുതിയ പ്രസിഡന്റായി സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ എ. ഓമനക്കുട്ടനെ നിയമിച്ചു.സെക്രട്ടറിയായി എച്ച്.സലാം എം.എല്‍.എ തുടര്‍ന്നു. ഇപ്പോള്‍ അത്യാധുനിക സൗകര്യങ്ങളോടു കൂടി മെഡിക്കല്‍ കോളജാശുപത്രിക്ക് വടക്ക് ഭാഗത്തായാണ് ചേതന ലാബ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങില്‍ നിന്ന് സുധാകരനെ ഒഴിവാക്കിയതില്‍ പാര്‍ട്ടിയില്‍ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.

മണ്ഡലത്തിലെ ഇടത് ജനപ്രതിനിധികളെയെല്ലാം പരിപാടിക്ക് ക്ഷണിച്ചിട്ടും മുതിര്‍ന്ന നേതാവ് കൂടിയായ ജി.സുധാകരനെ ഒഴിവാക്കുകയായിരുന്നു. ചേതനയുടെ ഭാരവാഹികളുമായി അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധാകരന്‍ രാജി വെച്ചത്.പിന്നീട് നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് അഭിപ്രായ വ്യത്യാസം രൂക്ഷമാകുകയായിരുന്നു.ഇതിനെ തുടര്‍ന്നാണ് സുധാകരനെ ഈ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതെന്ന് പറയുന്നു. ബഹുവര്‍ണ നോട്ടീസ് നേതാക്കളുടെ ഫോട്ടോ ഉള്‍പ്പടെ അച്ചടിച്ചിട്ടും സുധാകരനെ ഉള്‍പ്പടുത്തിയിട്ടില്ല. മുന്‍ മന്ത്രി സജിചെറിയാനും പങ്കെടുത്തില്ല.

Test User: