എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെപ്പറ്റിയുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പരാമർശത്തെ തള്ളി മുൻമന്ത്രി ജി.സുധാകരൻ. പാർട്ടിയെ നിർണായക ഘട്ടങ്ങളിൽ സഹായിച്ചയാളാണു വെള്ളാപ്പള്ളിയെന്നു സുധാകരൻ പറഞ്ഞു. അഭിപ്രായം തുറന്നു പറയുന്ന ശീലം അദ്ദേഹത്തിനുണ്ടെന്നും സുധാകരൻ വ്യക്തമാക്കി.
കഴിഞ്ഞ 50 വർഷമായി വെള്ളാപ്പള്ളിയെ നേരിട്ടറിയാം. ഒരു കാര്യം പറഞ്ഞാൽ അദ്ദേഹം തള്ളില്ല. ഇപ്പോൾ പാർട്ടിക്കു ബുദ്ധിമുട്ടുണ്ടാകുന്ന അഭിപ്രായം പറഞ്ഞു കാണും. അദ്ദേഹത്തിന് അഭിപ്രായം പറയാൻ ആരോടും ചോദിക്കേണ്ട ആവശ്യമില്ല. പക്ഷേ, അദ്ദേഹം അത് എല്ലാവരെയും പറ്റിയും പറയുന്നതാണ്.
വെള്ളാപ്പള്ളിയുമായി സംസാരിച്ചാൽ തീരുന്ന പ്രശ്നങ്ങളേയുള്ളൂ. പാർട്ടി നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിനു സംശയമുണ്ടെങ്കിൽ സംസാരിച്ചു തീർക്കണം. ഈഴവ വോട്ടുകൾ എന്ന വോട്ട് ഇല്ല. വോട്ടുകളിൽ എല്ലാ സമുദായക്കാരുമുണ്ടെന്നും സുധാകരൻ പറഞ്ഞു.