X

റോഡുകളുടെ സ്ഥിതി: ഹൈക്കോടതി സ്വമേധയാ കേസെടുത്തു; സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ പരിതാപകരമായ അവസ്ഥയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയിയും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസേടുത്തത്. കലൂര്‍, കടവന്ത്ര, തമ്മനംപുല്ലേപ്പടി റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ വാഹനം ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ബഞ്ച് സ്വമേധയാ കേസെടുത്തത്. കൊച്ചി കോര്‍പ്പറേഷനും പിഡബഌയുഡി അടക്കമുള്ളവര്‍ക്ക് കോടതി നോട്ടീസയച്ചു.

അതേസമയം ഹൈക്കോടതി സ്വമേധയാ കേസ് എടുത്താലും മഴ മാറാതെ റോഡ് നന്നാക്കാനാവില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്ത സാഹചര്യത്തിലായിരുന്നു പൊതുമരാമത്ത് മന്ത്രിയുടെ പ്രതികരണം.

ഫണ്ട് അനുവദിക്കാത്ത ധനവകുപ്പിനെയും ജി സുധാകരന്‍ കുറ്റപ്പെടുത്തി. പിഡബ്ല്യുഡി റോഡുകളേക്കാള്‍ കഷ്ടമാണ് പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ അവസ്ഥ. അവരെക്കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെ പഞ്ചായത്തുകള്‍ എന്ത് ചെയ്യാനാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

പഞ്ചായത്ത് കോര്‍പറേഷന്‍ റോഡുകളുടെ ഒറ്റത്തവണ അറ്റകുറ്റപ്പണിക്കായി മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഒരു പൈസപോലും അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

chandrika: