X

‘ജി ആർ അനില്‍ നാടിന് നാണക്കേട്’; സർക്കാരിനെയും സ്വന്തം മന്ത്രിയെയും വിമർശിച്ച് എറണാകുളം സിപിഐ

സംസ്ഥാന സര്‍ക്കാരിനെയും സ്വന്തം മന്ത്രിയെയും വിമര്‍ശിച്ച് സി പി ഐ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ്. തെരഞ്ഞടുപ്പ് ഫലം സര്‍ക്കാര്‍ പരാജയമാണെന്നതിന് ഉദാഹരണമാണെന്ന് തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി.

ധനവകുപ്പിനെ കൊണ്ട് ഒരു പ്രയോജനവുമില്ലെന്നാണ് സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്ന വിമര്‍ശനം. സ്വന്തം മന്ത്രി ജി ആര്‍ അനിലും ഭക്ഷ്യവകുപ്പും നാടിന് നാണക്കേടാണ്. സര്‍ക്കാര്‍ തെറ്റ് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. നല്ലതെന്ന് പറയാന്‍ ഒരു മന്ത്രി പോലുമില്ലെന്നും ജില്ലാ എക്‌സിക്യൂട്ടീവില്‍ വിമര്‍ശനമുയര്‍ന്നു.

മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് തിരഞ്ഞെടുപ്പ് പരാജയകാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലിലും കഴിഞ്ഞ ദിവസം വിമര്‍ശനമുണ്ടായിരുന്നു. ന്യൂനപക്ഷപ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നു. പൗരത്വയോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ വിമര്‍ശനമുണ്ടായിരുന്നു.

ഭരണവിരുദ്ധ വികാരമാണ് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത്. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. നവ കേരള സദസ്സ് ധൂര്‍ത്തായി മാറി. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വലിയ പണപ്പിരിവാണ് നടന്നതെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.

പി പി സുനീറിനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ചും തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ ഗുണം ചെയ്യില്ല. സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍
ശക്തിയാകാന്‍ സിപിഐക്ക് കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

webdesk13: