പാര്‍ട്ടിയെയും സര്‍ക്കാരിനെയും സ്വന്തം കൈപ്പിടിയിലൊതുക്കി പിണറായി വിജയന്‍ വെട്ടിനിരത്തിയ നേതാക്കളില്‍ ഇനി ജി. സുധാകരനും. മുതിര്‍ന്ന നേതാവ് ജി. സുധാകരനെ പരസ്യമായി ശാസിച്ച സി.പി.എം നടപടി പാര്‍ട്ടിയില്‍ പുതിയ ചേരിക്ക് വഴിയൊരുക്കുമെന്നാണ് സൂചന. പാര്‍ട്ടി സമ്മേളനങ്ങളുടെ ഘട്ടത്തില്‍ ഒരു മുതിര്‍ന്ന നേതാവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിലൂടെ സി.പി.എം രാഷ്ട്രീയത്തിലുണ്ടായേക്കാവുന്ന പൊട്ടിത്തെറികളാണ് ഈ സാധ്യതക്ക് ആക്കം കൂട്ടുന്നത്. പാര്‍ട്ടി പിടിച്ചെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
സംസ്ഥാന കമ്മിറ്റിയില്‍ സുധാകരന്റെ വിശദീകരണത്തെ പിന്തുണക്കാന്‍ ആരുമുണ്ടായില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ല, അമ്പലപ്പുഴയില്‍ വോട്ട് കുറഞ്ഞിട്ടില്ല, ആലപ്പുഴയിലാണ് വോട്ട് കുറഞ്ഞത് തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും പരസ്യശാസന പ്രഖ്യാപിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തുടങ്ങിയതാണ് പാര്‍ട്ടിക്കുള്ളിലെ അപശബ്ദം. ജി. സുധാകരനും തോമസ് ഐസക്കും തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാറിയതോടെ ആലപ്പുഴയില്‍ സജി ചെറിയാന്റെ നേതൃത്വത്തിലുള്ള നിര രംഗത്തുവന്നു. സജിക്കൊപ്പം എച്ച്. സലാമും എ.എം ആരിഫും പി.പി ചിത്തരഞ്ജനും ആലപ്പുഴയില്‍ ആധിപത്യമുറപ്പിച്ചു.
എന്നാല്‍ സുധാകരന്‍ നേതൃത്വത്തിനെതിരെ പോരാടാന്‍ തന്നെയാണ് സാധ്യത. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ കാരണം വി.എസ് അച്യുതാനന്ദന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ ആലപ്പുഴയില്‍ നിന്നുതന്നെ പുതിയൊരു ശാക്തിക ചേരി പിറവിയെടുക്കാനുള്ള സാധ്യതയേറെയാണ്. പാര്‍ട്ടിയില്‍ നേരത്തെ വി.എസ് ഉയര്‍ത്തിയ എതിര്‍ ശബ്ദങ്ങള്‍ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചിരുന്നു. പിന്നീട് വളരെ കരുതലോടെ ചുവടുവെച്ച പാര്‍ട്ടി, നിരന്തരം തെറ്റുതിരുത്തല്‍ പ്രക്രിയക്ക് വിധേയമായിയിരുന്നു. സുധാകരനെതിരെ നടപടി വന്നതോടെ ആലപ്പുഴയിലെ പാര്‍ട്ടി സമ്മേളനങ്ങള്‍ വീണ്ടും ശ്രദ്ധാകേന്ദ്രമാകും.
രണ്ട് തവണ മത്സരിച്ചവര്‍ തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കണമെന്ന പാര്‍ട്ടിയുടെ കര്‍ശന നിബന്ധനയെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ നിന്ന് രണ്ടാം തവണയും മത്സരിക്കാന്‍ തയ്യാറെടുത്ത സുധാകരന് മാറി നില്‍ക്കേണ്ടി വന്നു. ഇതില്‍ പ്രതിഷേധിച്ച് സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും അമ്പലപ്പുഴയില്‍ മത്സരിച്ച എച്ച്. സലാമിനെതിരായി വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍ മൗനം പാലിക്കുകയും ചെയ്തു. പ്രചരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ നടന്ന കുടുംബയോഗങ്ങളില്‍ പങ്കെടുത്തില്ല. തെരഞ്ഞെടുപ്പ് ഫണ്ട് കണ്ടെത്തുന്നതില്‍ വീഴ്ച വരുത്തി. തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുകളാണ് പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. സി.പി.എം തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടില്‍ പേരെടുത്ത് പരാമര്‍ശിക്കുന്ന ഏക നേതാവ് ജി.സുധാകരനാണ്.
സി.പി.എമ്മില്‍ ‘പൊളിറ്റിക്കല്‍ ക്രിമിനലിസം’ എന്ന ഗുരുതരമായ ആരോപണം ഉയര്‍ത്തിയാണ് സുധാകരന്‍ ബദല്‍ രാഷ്ട്രീയ സൂചന നല്‍കിയത്. ഇത് രണ്ടാം തവണയാണ് ജി. സുധാകരന്‍ പാര്‍ട്ടി അച്ചടക്ക നടപടി നേരിടുന്നത്. 2002ല്‍ ആലപ്പുഴ ജില്ലാ കമ്മറ്റിയിലേക്ക് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സുധാകരനെതിരെ സി.പി.എം നടപടിയെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇത്തവണ നടപടി നേരിട്ട ഏറ്റവും മുതിര്‍ന്ന നേതാവാണ് സുധാകരന്‍. ഇന്നലത്തെ യോഗത്തില്‍ പൂര്‍ണമായും പങ്കെടുത്ത സുധാകരന്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകളില്‍ വിശദീകരണം നല്‍കി. ഇതിന് ശേഷമാണ് നടപടി സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടായത്. നിലവില്‍ 73കാരനായ സുധാകരന്‍ പാര്‍ട്ടി സംസ്ഥാന സമിതി അംഗമാണ്. ഇപ്പോഴത്തെ തീരുമാന പ്രകാരം 75 വയസ് വരെ മാത്രമേ സുധാകരന് ഈ സമിതിയില്‍ തുടരാനാകൂ.