തൃശൂര്‍: ദന്തരോഗ തുടര്‍ ചികിത്സയ്ക്ക് രോഗിക്ക് തൃശൂര്‍ ഗവ. ഡെന്റല്‍ കോളജില്‍ നിന്നും അറിയിപ്പ് വന്നത് ഒന്നര വര്‍ഷത്തിനുശേഷം.കുട്ടമംഗലം പോക്കാക്കില്ലത്ത് മുഹമ്മദ് ഉബൈദുള്ളയുടെ ഭാര്യയും പൊന്നാനി എം.ഇ.എസ് കോളജിലെ അസി. പ്രഫസറുമായ ഡോ. ജീന ഉബൈദിനാണ് ഈ ദുര്‍ഗതിയുണ്ടായത്. ജീന ഉബൈദിന് തുടര്‍ച്ചയായുണ്ടായ ദന്തരോഗത്തിനും മോണവീക്കത്തിനും ശാശ്വതമായ പരിഹാരം തേടിയാണ് 2021 നവംബര്‍ 20ന് തൃശൂര്‍ ഗവ. ഡെന്റല്‍ കോളജില്‍ ചികിത്സ തേടിയത്. എക്‌സറേ അടക്കമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മുന്‍പ് ചികിത്സിച്ചിരുന്ന സ്വകാര്യ ഡെന്റല്‍ ക്‌ളിനിക്കിലെ ചികിത്സാരേഖകള്‍ പരിശോധിച്ചതിനുശേഷം അവിടെ നിന്ന് താല്‍ക്കാലിക മരുന്നുകള്‍ നല്‍കുകയും തുടര്‍ ചികിത്സ അനിവാര്യമാണെന്ന് ഡോക്ടര്‍ പറയുകയും ചെയ്തു
തുടര്‍ ചികിത്സയ്ക്ക് ഹാജരാകേണ്ട ഡേറ്റ് ചോദിച്ചപ്പോള്‍ സ്വന്തം മേല്‍വിലാസമെഴുതിയ പോസ്റ്റ്കാര്‍ഡ് കാന്റീനില്‍ നിന്നും വാങ്ങിച്ചു നല്‍കുവാനും അപ്പോയിന്റ് ഡേറ്റ് പോസ്റ്റ് കാര്‍ഡ് വഴി തപാലില്‍ അറിയിക്കുമെന്നും പറഞ്ഞു. മാസങ്ങള്‍ കഴിഞ്ഞിട്ടും ആശുപത്രിയില്‍ നിന്നും ഒരറിയിപ്പും ലഭിക്കാത്തതിനാല്‍ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമായ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം സെപ്തംബര്‍ അഞ്ചിന് ചികിത്സയ്ക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള കാര്‍ഡ് ഡോ.ജീന ഉബൈദിന് ലഭിച്ചിരിക്കുകയാണ്.