നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണത്തിന് സമയം നീട്ടി നല്‍ണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിക്കും. അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് ആഴ്ചകൂടി വേണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ കോടതി ജീവനക്കാരെയും യൂട്യൂബ് ചാനലിലൂടെ ദിലീപിന് അനുകൂലമായി സംസാരിച്ച മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയെയും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഹര്‍ജിയില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഡിജിറ്റല്‍ പരിശോധനാഫലങ്ങള്‍ ലഭിക്കാനുണ്ടെന്നതുള്‍പ്പെടെ പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.
മെമ്മറി കാര്‍ഡിന്റെ ആദ്യ ക്ലോണ്‍ പകര്‍പ്പും ഫോറന്‍സിക് ഇമേജും കോടതിയില്‍ ഹാജരാക്കും. വെള്ളിയാഴ്ച കേസ് പരിഗണിക്കേ തിരുവനന്തപുരത്തെ ലാബില്‍ നിന്ന് മുദ്രവച്ച കവറില്‍ ഇവ വിചാരണ കോടതിയില്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ദിലീപുള്‍പ്പെടെയുള്ള പത്തുപേരുടെ ശബ്ദസാമ്പിള്‍, ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ കൈയക്ഷരത്തിന്റെ സാമ്പിള്‍ തുടങ്ങിയവയുടെ ശാസ്ത്രീയ പരിശോധനഫലം ഇതുവരെ ലഭിച്ചിട്ടില്ല. ഇതെല്ലാം തുടരന്വേഷണഘട്ടത്തില്‍ നിര്‍ണായകമാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. അതേസമയം തുടരന്വേഷണത്തിന് സമയം നീട്ടിനല്‍കരുതെന്നാണ് ദിലീപിന്റെ ആവശ്യം.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഉപയോഗിച്ച അജ്ഞാത വിവോ ഫോണിന്റെ ഉടമയെന്ന് സംശയിക്കുന്നവരുടെ സി.ഡി.ആര്‍ (കോള്‍ ഡീറ്റയില്‍സ് റെക്കാഡ്) കഴിഞ്ഞ ദിവസം അന്വേഷണ സംഘം ശേഖരിച്ചിരുന്നു. മെമ്മറി കാര്‍ഡ് അവസാനം തുറന്ന 2021 ജൂലായ് 19ന് കലൂരിലെ വിചാരണക്കോടതിയുടെ പരിധിയില്‍ ഉണ്ടായിരുന്നവരിലേക്കാണ് അന്വേഷണം നീളുന്നത്. പൊലീസ് ഈസമയം ടവര്‍ലോക്കേഷന്‍ പരിധിയിലുണ്ടായിരുന്നില്ലെന്നാണ് സൂചന. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് സി.ഡി.ആര്‍ ശേഖരിച്ചത്. ഫോണ്‍ വെളിച്ചത്തുവന്നാല്‍ മാത്രമേ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ, കൈമാറിയിട്ടുണ്ടോയെന്നെല്ലാം കണ്ടെത്താനാകൂ. വിചാരണ കോടതിയുടെ പരിഗണയിലിരിക്കെ ഫോണ്‍ ഉപയോഗിച്ചത് സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണെന്നാണ് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയെ അറിയിക്കും.