പി.കെ.എ ലത്തീഫ്
തൊടുപുഴ
വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയതിനെ തുടര്‍ന്നുള്ള നടപടി നീളുന്നു. പുതിയ അപേക്ഷ സ്വീകരിച്ച് ഹിയറിംഗ് നടത്തി രണ്ട് മാസത്തിനകം നടപടി പൂര്‍ത്തീകരിക്കുമെന്നായിരുന്നു പ്രഖ്യാപനം. വീണ്ടും അപേക്ഷ സ്വീകരിച്ച് പട്ടയം നല്‍കാനുള്ള നീക്കം വന്‍അഴിമതിക്ക് കളമൊരുക്കാനാണെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ജനുവരിയിലാണ് മൂന്നാര്‍ മേഖലയിലെ 530 പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്. ജില്ലയിലെ ഭൂ പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടെയാണ് ഏറെക്കാലമായുള്ള രവീന്ദ്രന്‍ പട്ടയ വിവാദങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണതകളിലേക്ക് നീങ്ങുന്നത്. ഹിയറിംഗ് പുരോഗമിക്കുന്നു എന്ന് അധികാരികള്‍ പറയുമ്പോഴും കുടിയേറ്റ കര്‍ഷകര്‍ ആശങ്കയിലാണ്.
പട്ടയം ശരിയാക്കി നല്‍കാമെന്ന പേരില്‍ ഇടനിലക്കാരും സജീവമാണ്. പട്ടയം സംബന്ധിച്ച് നിയമനടപടികള്‍ ഉണ്ടായാല്‍ വീണ്ടും അനിശ്ചിതത്വം ഉണ്ടാകും. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദ് ചെയ്യുന്നതിനുള്ള നടപടി ആരംഭിച്ചതിനാല്‍ ഏജന്റുമാരും ഇടനിലക്കാരും രംഗത്തിറങ്ങിയതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടന്ന് കലക്ടര്‍ തന്നെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് റവന്യൂ മന്ത്രി കെ. രാജനും എതിര്‍ത്ത് സി.പി.എം നേതാവ് എം.എം മണിയും രംഗത്തുവന്നതോടെ സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പോര് മുറുകിയിരുന്നു. ഈ അഭിപ്രായ വ്യത്യാസം തുടര്‍ നടപടികളിലും പട്ടയ വിതരണത്തിലും പ്രതിഫലിച്ചിട്ടുണ്ട്. രവീന്ദ്രന്‍ പട്ടയങ്ങളെല്ലാം റദ്ദാക്കാനും അര്‍ഹരായവര്‍ക്ക് രണ്ടു മാസത്തിനകം പുതിയ പട്ടയം അനുവദിക്കാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
സി.പി.എം ഓഫീസ് സ്ഥിതി ചെയ്യുന്നത് രവീന്ദ്രന്‍ പട്ടയത്തിലായതിനാലും ഇവിടെ ബഹുനില ആഡംബര കെട്ടിടം നിലനില്‍ക്കുന്നതിനാലും തീരുമാനം സി.പി.എമ്മിനെ വെട്ടിലാക്കി. പട്ടയമേള നടത്തി നിയമപരമായി വിതരണം ചെയ്ത പട്ടയമാണിതെന്ന നിലപാടാണ് ജില്ലയിലെ സി.പി.എം നേതൃത്വവും സ്വീകരിക്കുന്നത്. 700 ഏക്കര്‍ ഭൂമിക്കാണ് 24 വര്‍ഷം മുമ്പ് ദേവികുളം അഡീ. തഹസില്‍ദാറായിരുന്ന എം.ഐ രവീന്ദ്രന്‍ പട്ടയം നല്‍കിയത്. ഇതില്‍ പലതും പിന്നീട് റിസോര്‍ട്ട് മാഫിയ സ്വന്തമാക്കി. വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടന്ന മൂന്നാര്‍ ഒഴിപ്പിക്കലില്‍ സി.പി.എം ഓഫീസിനെതിരെ നടപടിയുണ്ടാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദൗത്യം തന്നെ അട്ടിമറിക്കപ്പെട്ടത്. അന്നും സി.പി.എം ഓഫീസ് തൊടാന്‍ അനുവദിക്കില്ലന്ന നിലപാടായിരുന്നു എം.എം മണിയുടേത്. അതേസമയം താന്‍ നല്‍കിയ പട്ടയങ്ങള്‍ നിയമസാധുതയുള്ളതാണന്നും നിയമപോരാട്ടം തുടരുമെന്നും എം.ഐ രവീന്ദ്രന്‍ പറഞ്ഞു.