ഡല്‍ഹി: കോവിഡിന് പിന്നാലെ രാജ്യത്ത് പടരുന്ന ഫംഗസ് രോഗങ്ങളുടെ പേരുകള്‍ കൃത്യമായി ഉപയോഗിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ്, യെല്ലോ ഫംഗസ് എന്നൊക്കെ പറഞ്ഞ് ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
രോഗത്തിന്റെ ശരിയായ പേരുപയോഗിക്കുന്നതാണ് നല്ലത്. കാരണം ഫംഗസുകള്‍ അവ പ്രത്യക്ഷപ്പെടുന്ന ശരീരത്തിനനുസരിച്ച് നിറത്തിലും വ്യത്യാസമുണ്ടായിരിക്കും. അത്തരത്തില്‍ നിറത്തിന്റെ പേരില്‍ ഫംഗസ് രോഗങ്ങളുടെ പേരുപയോഗിക്കരുതെന്ന് ഗുലേറിയ പറഞ്ഞു.
മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗമെന്ന് ഗുലേറിയ പറഞ്ഞു. ആ പേര് തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പറയുന്നു. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥയ്ക്ക് കാരണമായേക്കാം.
അതേസമയം രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും പിന്നാലെ യെല്ലോ ഫംഗസ് കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 45 വയസ്സുകാരനിലാണ് ആദ്യ യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യെല്ലോ ഫംഗസ് സ്ഥിരീകരിച്ച രോഗിയില്‍ നേരത്തെ ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് എന്നിവയും സ്ഥിരീകരിച്ചിരുന്നു.