കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല കോർഡിനേഷൻ ആന്റ് മോണിട്ടറിങ് കമ്മിറ്റിയുടെ (ദിശ) അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രാവിഷ്കൃത പദ്ധതികൾ നടപ്പിലാക്കുമ്പോൾ നടപ്പു വർഷം ലഭ്യമായ ഫണ്ട് പൂർണ്ണമായി വിനിയോഗിക്കുന്ന രീതിയിൽ മാതൃകാപരമായി ഏറ്റെടുത്ത് മൂന്നാം പാദത്തോടെ പൂർത്തീകരിക്കണം. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുമ്പായി അധിക വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. ദിശ യോഗങ്ങള്‍ ജില്ലയില്‍ കൃത്യമായി നടത്തുന്നുണ്ടെങ്കിലും പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ കൂടി നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ മുന്നോട്ടു വെക്കണം. ലഭ്യമായ ഫണ്ട് ജനോപകാര പ്രദമായ രീതിയിൽ വിനിയോഗിക്കണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
പ്രധാനമന്ത്രി ആവാസ് യോജനയില്‍ അടിയന്തരമായ ഇടപെടലുകൾ നടത്തി ടാര്‍ഗറ്റ് ലഭ്യമാക്കും. പി.എം.ജി.എസ്സ്.വൈ, എം.പി ലാഡ്സ് എന്നിവയിൽ ഏറ്റെടുത്തിട്ടുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തികരിക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കണം. ജല്‍ജീവന്‍ മിഷന്‍ പദ്ധതികള്‍ക്ക് ഭൂമി ലഭ്യമാക്കുന്നതിന് ജനപ്രതിനിധികളുമായി ഇടപെടല്‍ നടത്തണം. ദേശീയ ആരോഗ്യ ദൗത്യത്തിൽ ഏര്‍ലി ഇന്റർവെൻഷൻ സെന്ററുകളുടെ പ്രവർത്തനം ജില്ല മുഴുവൻ വ്യാപിപ്പിക്കുന്നതിനുള്ള നടപടി കൈക്കൊള്ളണം. സ്ഥലം ലഭ്യമായതും, കെട്ടിടമില്ലാത്തതുമായ അങ്കണവാടികളുടെയും പോസ്റ്റ് ഓഫീസുകളുടെയും റിപ്പോർട്ട് സമർപ്പിക്കുവാനും എം.പി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
യോഗത്തിൽ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ വികസന കമ്മീഷണര്‍ രാജീവ്കുമാർ ചൗധരി, എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ പ്രതിനിധി ഫക്രുദ്ദീൻ അലി, വിവിധ നഗരസഭാ അധ്യക്ഷര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രൊജക്ട് ഡയറക്ടർ ബി.എല്‍ ബിജിത്, ജില്ലാതല ഉദ്യോഗസ്ഥർ, ബ്ലോക്ക് പഞ്ചായത്ത്- നഗരസഭ സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.