X
    Categories: indiaNews

കേന്ദ്ര ഫണ്ടിന് വേണ്ടി 60 കഴിഞ്ഞവരേയും പ്രസവിപ്പിച്ചു; ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വന്‍ തട്ടിപ്പ് പുറത്ത്

മുസാഫര്‍പുര്‍ (ബിഹാര്‍): ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ വന്‍ തട്ടിപ്പ് പുറത്ത്. കേന്ദ്രഫണ്ട് നേടാന്‍ വേണ്ടിയാണ് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭരിക്കുമ്പോഴുള്ള തട്ടിപ്പ്. പെണ്‍കുട്ടികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന പണം തട്ടാന്‍ 60 വയസ്സു കഴിഞ്ഞവര്‍ ഉള്‍പ്പെടെ നിരന്തരം പ്രസവിച്ചതിന്റെ രേഖകള്‍ അധികൃതര്‍ക്കു മുന്നിലെത്തിയപ്പോഴാണ് തട്ടിപ്പ് പൊളിഞ്ഞത്.

പെണ്‍ ശിശുഹത്യാ നിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് പെണ്‍കുഞ്ഞുങ്ങള്‍ക്കായി നിശ്ചിത തുക സര്‍ക്കാര്‍തലത്തില്‍ നല്‍കാന്‍ തീരുമാനിച്ചത്. പെണ്‍കുട്ടിയുടെ പഠനത്തിനും മറ്റു കാര്യങ്ങള്‍ക്കും വേണ്ടിയാണിത്. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി അസാധാരണ ചില കാര്യങ്ങള്‍ മുസാഹരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ചുമതലയുള്ള ഉപേന്ദ്ര ചാധരി ശ്രദ്ധിച്ചു. 60 വയസ്സു കഴിഞ്ഞ പലരും തുടര്‍ച്ചയായി പ്രസവിക്കുന്നു. തുടര്‍ന്നായിരുന്നു ഇതിനെക്കുറിച്ചുള്ള അന്വേഷണം നടത്തിയത്.

അന്വേഷിച്ചു ചെന്നപ്പോള്‍ മുസാഫര്‍പുര്‍ ജില്ലയിലെ മുസാഹരി ഗ്രാമത്തിലാണു സംഭവം. ഗൈനക്കോളജിസ്റ്റുകള്‍ക്കു പോലും ഇതിനു പിന്നിലെ കാരണം കണ്ടെത്താനായില്ല, വിശ്വസിക്കാനും പ്രയാസം. പലരും കുട്ടികള്‍ക്കായുള്ള ഗ്രാന്റും കൈപ്പറ്റിക്കഴിഞ്ഞു. അതോടെയാണ് ഉപേന്ദ്ര ചൗധരി ഈ അസ്വാഭാവിക സംഭവത്തെക്കുറിച്ച് പൊലീസില്‍ പരാതിപ്പെടുന്നത്. വലിയൊരു അഴിമതിയുടെ ചുരുളഴിയുകയായിരുന്നു തുടര്‍ന്നങ്ങോട്ട്.

14 മാസത്തിനിടെ ലീല ദേവി എന്ന അറുപത്തിയഞ്ചുകാരി ജന്മം കൊടുത്തത് എട്ടു പെണ്‍കുട്ടികള്‍ക്കായിരുന്നു. ഓരോരുത്തര്‍ക്കും 1400 രൂപ വീതം ആകെ 11,200 രൂപ അവരുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ചെയ്തു. അതു പിന്‍വലിച്ചതായും രേഖകളുണ്ട്. 60 കഴിഞ്ഞ ശാന്തി ദേവി ഒന്‍പതു മാസത്തിനിടെ പ്രസവിച്ചത് അഞ്ചു പെണ്‍കുഞ്ഞുങ്ങളെ. ഇവരുടെ വിവരങ്ങളെല്ലാം ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

60 കഴിഞ്ഞ സോണിയ ദേവി അഞ്ചു മാസത്തിനിടെ ജന്മം നല്‍കിയത് നാലു പെണ്‍കുഞ്ഞുങ്ങള്‍ക്ക്. സംഭവം പുറത്തുവന്നതിനെത്തുടര്‍ന്ന് ഇവരോടു കാര്യം പറഞ്ഞപ്പോഴാണ് പലരും അമ്പരന്നു പോയത്. പെണ്‍കുട്ടികള്‍ക്കായുള്ള പണമാണെന്നു പറഞ്ഞിരുന്നു, അതുപക്ഷേ നവജാത ശിശുക്കള്‍ക്കാണെന്ന് ഇവരോട് പറഞ്ഞിരുന്നില്ല. പണം കൈപ്പറ്റിയ പലരുടെയും മക്കള്‍ക്ക് അപ്പോഴേക്കും 30 വയസ്സ് തികഞ്ഞിരുന്നു. പലരും പ്രസവം നിര്‍ത്തിയിട്ടും ദശാബ്ദങ്ങളായി.

സംഭവത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് നിര്‍ദേശിച്ചു കഴിഞ്ഞു. ഉന്നതതല അന്വേഷണത്തിന്റെ ഭാഗമായി അഡി. ജില്ലാ കകലക്ടര്‍ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചു. പ്രാഥമികാന്വേഷണത്തില്‍ അഴിമതി തെളിഞ്ഞിട്ടുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ വകുപ്പുതല നടപടിയും പിന്നാലെ കേസ് റജിസ്റ്റര്‍ ചെയ്ത് നിയമനടപടിയും ഉണ്ടാകുമെന്നും രാജേഷ് കുമാര്‍ അറിയിച്ചു.

അതേസമയം, കേന്ദ്ര ഫണ്ട് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്നു കണ്ടെത്താന്‍ സംസ്ഥാനമൊട്ടാകെ അന്വേഷണത്തിനും നീക്കമുണ്ട്.

chandrika: