പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ട് വെട്ടിപ്പ് നടത്തിയതിന് പിന്നാലെ തിരുവനന്തപുരത്തും സി.പി.എം നേതാവിന്റെ പേരില്‍ ഫണ്ട് തിരിമറി ആരോപണം. അന്തരിച്ച നേതാവ് പി.ബിജുവിന്റെ പേരില്‍ ഡിവൈഎഫ്ഐ പിരിച്ച ഫണ്ടിലാണ് തിരിമറി. തിരുവനന്തപുരം പാളയം ഏരിയാ കമ്മിറ്റി പിരിച്ച മുഴുവന്‍ തുകയും കൈമാറിയില്ലെന്നാണ് ആരോപണം. പി ബിജുവിന്റെ ഓര്‍മയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് റെഡ് കെയര്‍ സെന്റെറും ആംബുലന്‍സ് സര്‍വീസും തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ ആഹ്വാനപ്രകാരമായിരുന്നു ഫണ്ട് പിരിവ്. ഡിവൈഎഫ്ഐ പാളയം ബ്ളോക്ക് കമ്മിറ്റി പിരിച്ച ഫണ്ടിലാണ് തിരിമറി ആരോപണം.
ആകെ പിരിച്ചെടുത്തത് 11,20,200 രൂപയാണ്. എന്നാല്‍ മേല്‍ കമ്മറ്റിക്ക് ആദ്യം കൈമാറിയത് 6 ലക്ഷം രൂപ മാത്രമാണ്. അന്ന് പാളയം ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഇപ്പോഴത്തെ ജില്ലാ വൈസ് പ്രസിഡന്റ് എസ്. ഷാഹിനാണ് പണം കൈവശം വച്ചിരുന്നതെന്നാണ് ആക്ഷേപം. 5,24,200 അടയ്ക്കാതെ നേതാവ് കൈവശം വെച്ചെന്ന് ഡിവൈഎഫ്ഐയിലെ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ അറിയിച്ചു. മെയ് മാസം 7ന് ചേര്‍ന്ന സിപിഎം പാളയം ഏരിയാ കമ്മറ്റി യോഗത്തില്‍ ഉണ്ടായ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ പല ഘട്ടമായി 1,3200 ത്തോളം രൂപ കുടി മേല്‍കമ്മറ്റിയില്‍ അടച്ചു. ഇനി മൂന്നേമുക്കാല്‍ ലക്ഷത്തോളം രൂപ കൂടി അടക്കാനുണ്ടെന്നും ഈ പണം പലിശക്ക് കൊടുത്തെന്നും വരെ ആക്ഷേപമുണ്ട്.